ന്യൂഡല്‍ഹി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്കെതിരെ ഗുസ്തിതാരങ്ങള്‍. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി. ജെ. പി എം. പിയുമായ ബ്രിജ് ഭൂഷണെതിരെ തങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന മന്ത്രിയുടെ നിലപാടിനെതിരെയാണ് താരങ്ങള്‍ പ്രതികരിച്ചത്. രാജ്യത്തിന്റെ പുത്രമാര്‍ പീഡനാരോപിതനെതിരെ നടപടി ആവശ്യപ്പെട്ട പ്രതിഷേധിക്കുമ്പോള്‍ സ്മൃതി ഇറാനി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒളിമ്പിക് മെഡല്‍ ജേതാവായ സാക്ഷി മാലിക് ചോദിക്കുന്നു.
സ്വന്തം തത്വമായ ബേട്ടീ ബചാവോ ബേട്ടീ പഠാവോ ഉള്‍ക്കൊണ്ട് ഞങ്ങളോട് സംസാരിക്കണമെന്നും ഞങ്ങളുടെ മന്‍ കീ ബാത്ത് കേള്‍ക്കണമെന്നും പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ്. മെഡല്‍ ജയിക്കുമ്പോള്‍ ഞങ്ങളെ പുത്രമാരെന്ന് വിളിക്കുകയും വീട്ടിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്നു ഇപ്പോള്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് സാക്ഷി മാലിക് പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കാന്‍ സ്മൃതി ഇറാനിയോട് ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ നിശ്ശബ്ദയായിരിക്കുന്നത്. ദിവസങ്ങളായി കൊതുകുകള്‍ക്കൊപ്പമാണ് ഞങ്ങളുടെ ഉറക്കം. ഞങ്ങളുടെ പോരാട്ടം നീതിക്കു വേണ്ടിയാണ് അതിനായി കാത്തിരിക്കുകയാണെന്നും സാക്ഷി പറഞ്ഞു.
വനിതാ ശിശു ക്ഷേമമന്ത്രിയായ സ്മൃതി ഇറാനി ഗുസ്തി താരങ്ങളുടെ വിഷയത്തില്‍ നടപടികള്‍ക്ക് സന്നദ്ധമാകുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല എന്നത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. താന്‍ വിദേശത്താണെന്നും വിഷയത്തില്‍ പരിധിയില്‍ നിന്നുകൊണ്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും ഇത് സംബന്ധിച്ച് രാഷ്ട്രീയ പ്രസ്താവനകള്‍ ഒന്നും നടത്താനില്ലെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.