ക്ഷീരമേഖലയിൽ ഫലപ്രദമായി ഇടപെടണം കെ.മുരളീധരൻ.എം.പി

കോഴിക്കോട്: ക്ഷീര മേഖലയിൽ ഫലപ്രദമായി ഇടപെട്ടില്ലെങ്കിൽ ആരോഗ്യ കേരളമെന്ന സങ്കൽപം അർത്ഥശൂന്യമായി പോകുമെന്ന് കെ.മുരളീധരൻ എം.പി.പറഞ്ഞു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പാലിന്റെ ഗുണ നിലവാരം പരിശോധിക്കപ്പെടണം. കൂട്ടുകുടുംബ കാലഘട്ടത്തിൽ വീടുകളോട് ചേർന്ന് തൊഴുത്തും, നിരവധി പശുക്കളുമുണ്ടായിരുന്നു. ശുദ്ധമായ പശുവിൻപാൽ കുടിച്ച കാർഷിക വൃത്തിയിലേർപ്പെട്ട ആരോഗ്യമുള്ള ജനത ഓർമ്മകളാവുകയാണ്. പശുവിനെ വളർത്തി, നല്ല പാലുൽപാദിപ്പിക്കുന്ന ശീലം മലയാളികൾ തിരികെ പിടിക്കണം. മുൻകാലങ്ങളിൽ വൈക്കോലും, പിണ്ണാക്കും, പുല്ലും ഭക്ഷിച്ചിരുന്ന പശുക്കൾക്ക് എല്ലിൻപൊടി ചേർത്ത കാലിത്തീറ്റ നൽകിയതിനാൽ ചാണകം പോലും ദുർഗന്ധപൂരിതമായി.
കാലിത്തീറ്റയിലെ കൃത്രിമത്വം കാരണം പാലിന്റെ മൂല്യം തകർന്നിട്ടുണ്ട്. കൈവശമുള്ള ഭൂമിയിൽ വലിയ കോൺക്രീറ്റ് വീടുകൾ ഉണ്ടാക്കുന്നതിന് പകരം കാലിത്തൊഴുത്തുകൾക്ക് കൂടി നാം സ്ഥലം കണ്ടെത്തണം. നല്ല ഇനം പശുക്കളെ വളർത്തി ശുദ്ധമായ പാൽ നമ്മുടെ കുട്ടികൾക്ക് നൽകണമെന്നദ്ദേഹം അഭ്യർത്ഥിച്ചു. കരുണാകരൻ മുഖ്യമന്ത്രിയായ സമയത്ത് മിൽമയുടെ ഒരു ചടങ്ങിൽ മദ്യം കഴിക്കുന്ന പണംകൊണ്ട് പാൽവാങ്ങി കുടിക്കാൻ അദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു. ആരോഗ്യം സംരക്ഷിക്കാനാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ വിവാദം സൃഷ്ടിക്കലാണ് ഇക്കാലത്തെ ഹോബിയെന്നും, ഈ ശൈലി നാം അവസാനിപ്പിക്കണമെന്നും കെ.മുരളീധരൻ അഭ്യർത്ഥിച്ചു. ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് കേരള ക്ഷീര കർഷക കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ഹോളി ക്രോസിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.ഹരിദാസക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോയ്പ്രസാദ് പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. കോർപ്പറേഷൻ കൗൺസിലർ ഡോ. അൽഫോൻസാ മാത്യു, ഐ എൻ ടി യു സി ദേശീയ നിർവ്വാഹക സമിതി അംഗം അഡ്വ.ആർ.സച്ചിത്ത്, അനിൽ തലക്കളത്തൂർ, സുരേഷ് ബാബു മുണ്ടക്കൽ, രാധാകൃഷ്ണൻ പെരുമണ്ണ പ്രസംഗിച്ചു. രമണി.ടി, വിപിൻ.ഇ.എം, സരിത.കെ, സോനു.പി, ബിജോയ് പ്രകാശ്, നിയാസ് ഉമ്മർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *