എം. ഭാസ്‌ക്കരന്‍ മെമ്മോറിയല്‍ സഹകാരി അവാര്‍ഡ് രമേശന്‍ പാലേരിക്ക്

എം. ഭാസ്‌ക്കരന്‍ മെമ്മോറിയല്‍ സഹകാരി അവാര്‍ഡ് രമേശന്‍ പാലേരിക്ക്

  • അവാര്‍ഡ് നാളെ വൈകീട്ട് 3.30ന് കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് സമ്മാനിക്കും

കോഴിക്കോട്: ദി കാലിക്കറ്റ് ടൗണ്‍ സര്‍വിസ് കോ.ഓപ്പറേറ്റീവ് ബേങ്കിന്റെ ഈ വര്‍ഷത്തെ ‘സഹകാരി പ്രതിഭ ‘ പുരസ്‌ക്കാരത്തിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ.-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അര്‍ഹനായി. സില്‍വര്‍ ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ദി കാലിക്കറ്റ് ടൗണ്‍ സര്‍വിസ് കോ.ഓപ്പറേറ്റീവ് ബേങ്കിനെ കേരളത്തിലെ പ്രമുഖ സഹകരണ ബേങ്കായി ഉയര്‍ത്തുന്നതില്‍ നേതൃത്വം നല്‍കിയ അന്തരിച്ച എം.ഭാസ്‌ക്കരന്റെ സ്മരണാര്‍ത്ഥമാണ് ‘സഹകാരി പ്രതിഭ ‘ പുരസ്‌കാരം വിതരണം ചെയ്യുന്നത്.
നിര്‍മാണ മേഖലയില്‍ ആഗോള തലത്തില്‍ തന്നെ കേരളത്തിന്റെ പേര് ഉയര്‍ത്തി പിടിച്ച പ്രവര്‍ത്തനങ്ങള്‍, ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സില്‍ അംഗത്വമുള്ള ലോകത്തെ ഏക പ്രാഥമിക സഹകരണ സംഘം, വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഐ.ടി പാര്‍ക്ക് സ്ഥാപിച്ച് ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരം, നിര്‍മ്മാണ മേഖലയില്‍ 3,000 എഞ്ചിനിയര്‍മാര്‍, 3,000 വിദഗദ്ധ തൊഴിലാളികള്‍, 10,000 മറ്റുതൊഴിലാളികള്‍ എന്നിവര്‍ക്ക് എല്ലാ ആനുകൂല്യവും നല്‍കി സംരക്ഷിക്കുന്ന തൊഴില്‍ മേഖല, ഭിന്നശേഷിക്കാര്‍ക്ക് സുസ്ഥിര ജീവിതമാര്‍ഗം, മുതിര്‍ന്നവര്‍ക്കുള്ള ആരോഗ്യ പരിചരണം, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് എന്നിവയ്ക്ക് മികച്ച രീതിയില്‍ നല്‍കുന്ന നേതൃത്വം എന്നിവ പരിഗണിച്ചാണ് രമേശന്‍ പാലേരിയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

കോഴിക്കോട് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനും മുന്‍ ജോയിന്റ് രജിസ്ട്രാറുമായിരുന്ന ടി.പി ശ്രീധരന്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഇ.മുരളീധരന്‍, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി സി.ഇ.ഒ എ.വി സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും, പ്രശസ്തി പത്രവും, മൊമ്മന്റോയും ഉള്‍പ്പെടുന്ന അവാര്‍ഡ് നാളെ വൈകീട്ട് 3.30ന് കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അഡ്വ.എം.ബി രാജേഷ് അവാര്‍ഡ് നല്‍കും.

സംസ്ഥാനത്തെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കുവാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഊര്‍ജമിഷന്റെ ഭാഗമായി 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് കൂടുതല്‍ ഊര്‍ജം ഉല്‍പാദിപ്പിക്കുകയും വൈദ്യുതി ഉല്‍പ്പാദന സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയിരം മെഗാവാട്ട് സൗരോര്‍ജം സംസ്ഥാനത്തെ വൈദ്യുതി ശ്യംഖലയില്‍ കൂട്ടി ചേര്‍ക്കുവാന്‍ ലക്ഷ്യമിട്ട് സബ്‌സിഡിയോടു കൂടി കെ.എസ്.ഇ.ബി മുഖേന സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് സൗര. ഈ ഉദ്യമത്തിന് സഹകരണ വകുപ്പിന്റെ നിര്‍ദേശാനുസരണം ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് കോ.ഓപ്പറേറ്റീവ് ബേങ്ക് നടപ്പിലാക്കുന്ന വായ്പാ പദ്ധതിയാണ് സൗരജ്യോതി.

ടൗണ്‍ ബേങ്കിന്റെ സൗരജ്യോതി വായ്പാ വിതരണം ചെയ്തുകൊണ്ട് സഹകരണ വകുപ്പിന്റെ സൗരജ്യോതി പദ്ധതിയുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വഹിക്കും.  സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള ഗോള്‍ഡ് കോയിനും മറ്റ് പ്രോത്സാഹന സമ്മാനദാനവും കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് നിര്‍വഹിക്കും. ടൗണ്‍ ബേങ്ക് ചെയര്‍മാന്‍ ടി.വി നിര്‍മ്മലന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ബി.സുധ, അര്‍ബ്ബന്‍ ബേങ്ക് ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ടി.പി ദാസന്‍, കോഴിക്കോട് സര്‍ക്കിള്‍ കോ.ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ ടി.പി ശ്രീധരന്‍, പ്രൈമറി കോ.ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ.ജി.സി. പ്രശാന്ത് കുമാര്‍, കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ സെക്രട്ടറി എം.കെ.ശശി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ടൗണ്‍ ബേങ്ക് വൈസ് ചെയര്‍മാന്‍ അഡ്വ.ഒ.എം.ഭരദ്വാജ്, സ്വാഗതവും, ബേങ്ക് ജനറല്‍ മാനേജര്‍ ഇ.സുനില്‍ കുമാര്‍ നന്ദിയും പ്രകാശിപ്പിക്കും. പരിപാടിയോടനുബന്ധിച്ച് അരങ്ങ് കൊയിലാണ്ടിയുടെ നാടന്‍ പാട്ടും അരങ്ങേറും.

ബേങ്ക് ചെയര്‍മാന്‍ ടി.വി.നിര്‍മ്മലന്‍, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ബി.സുധ, ബേങ്ക് ജനറല്‍ മാനേജര്‍ ഇ.സുനില്‍ കുമാര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബിജു. എ, വൈസ് ചെയര്‍മാന്‍ അഡ്വ.ഒ.എം.ഭരദ്വാജ്, ഡയറക്ടര്‍ എ.വി.വിശ്വനാഥന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *