ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിഷപാമ്പ് പരാമര്‍ശത്തില്‍, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി. ജെ. പി പരാതി നല്‍കി. മോദിയെപ്പോലെയുള്ള ഒരു മനുഷ്യന്‍ തരുന്നത് വിഷമല്ലെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ചു നോക്കിയാല്‍ മരിച്ചു പോകുമെന്നായിരുന്നു ഖര്‍ഗെയുടെ പരാമര്‍ശം. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു ഖര്‍ഗെയുടെ പരാമര്‍ശം. പരാമര്‍ശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതില്‍ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം.
പരാമര്‍ശത്തിനു പിന്നാലെ ഖര്‍ഗെക്കെതിരെ ബി. ജെ. പി നേതാക്കള്‍ രംഗത്തെത്തി. കരയ്ക്ക് പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ പരാമര്‍ശം അപലപനീയമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പ്രതികരിച്ചു. കര്‍ണാടകയില്‍ തോല്‍വി ഉറപ്പിച്ചതിനാലാണ് ഖര്‍ഗെ ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നതെന്നും പ്രമോദ് സാവന്ത് കുറ്റപ്പെടുത്തി.