അതീഖ് അഹമ്മദിന്റെ കൊലപാതകം; യു. പി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

അതീഖ് അഹമ്മദിന്റെ കൊലപാതകം; യു. പി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി : പോലീസ് സംരക്ഷണയില്‍ കൊല്ലപ്പെട്ട യു.പി മുന്‍ എം. പിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ വിശദ സത്യവാങ്മൂലം നല്‍കാന്‍ യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. വികാസ് ദുബൈ ഏറ്റുമുട്ടല്‍ കൊലപാതകത്തിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. അതീഖ് അഹമ്മദിനെ ആശുപത്രിയില്‍ കൊണ്ടുവരുന്ന കാര്യം പ്രതികള്‍ എങ്ങനെ അറിഞ്ഞെന്ന് കോടതി ചോദിച്ചു. ആംബുലന്‍സില്‍ കൊണ്ടു പോകാതെ പരിശോധനയ്ക്ക് നടത്തി കൊണ്ടുപോയതെന്തെന്നും കോടതി ആരാഞ്ഞു. അതീഖ് വധവും സംസ്ഥാനത്ത് നടന്ന സമാന കൊലപാതകങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിശാല്‍ തിവാരി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

‘ഞങ്ങള്‍ ഇത് ടി. വി യില്‍ കണ്ടതാണ്. എന്തുകൊണ്ടാണ് അതീഖ് അഹമ്മദിനേയും സഹോദരനെയും ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകാതെ അവരുമായി പരേഡ് നടത്തിയത്’, കോടതി ചോദിച്ചു.

കോടതിയുടെ ഉത്തരവ് അനുസരിച്ച് അവരെ രണ്ട് ദിവസം കൂടുമ്പോള്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകേണ്ടതായിരുന്നു എന്നും പത്രങ്ങള്‍ക്ക് അത് അറിയാമായിരുന്നുവെന്നും അഭിഭാഷകന്‍ മറുപടി നല്‍കി. വിഷയം പരിശോധിക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.

അതീഖ് വധത്തിലും അതിനുമുമ്പ് മകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിലും സംസ്ഥാനസര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു എന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ മൂന്നാഴ്ചയ്ക്കകം വാദം കേള്‍ക്കും.

അതീഖ് അഹമ്മദിന് ഒമ്പത് തവണ വെടിയേറ്റിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെടുത്തത്. കേസ് അന്വേഷണത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചു. ഒരു വെടിയുണ്ട അതിഖ് അഹമ്മദിന്റെ തലയില്‍ നിന്നും എട്ട് വെടിയുണ്ടകള്‍ നെഞ്ചിലും ശരീരത്തിന്റെ പുറകില് നിന്നുമായി കണ്ടെടുത്തെന്നാണ് വിവരം. അഷ്‌റഫ് അഹമ്മദിന് അഞ്ച് തവണയാണ് വെടിയേറ്റത്.

അഞ്ച് പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും നേരെ ആക്രമണം നടത്തിയ മൂന്ന് പ്രതികളെയും ഏപ്രില്‍ 29 വരെ പ്രയാഗ്‌രാജ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *