മൃതദേഹം മറവു ചെയ്യുന്നതിലെ വിവേചനം അവസാനിപ്പിക്കണം: വഖഫ് പരിപാലന സമിതി

മൃതദേഹം മറവു ചെയ്യുന്നതിലെ വിവേചനം അവസാനിപ്പിക്കണം: വഖഫ് പരിപാലന സമിതി

കോഴിക്കോട്: കാരന്തൂര്‍ മഹല്ല് ജമാഅത്തില്‍ മരണമടഞ്ഞവരെ മറവ് ചെയ്യുന്നതിലുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് വഖഫ് പരിപാലന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഖബര്‍ വിഷയത്തില്‍ സ്വീകരിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2019 ജൂലൈ 20ന് വക്കീല്‍ നോട്ടീസ് അയയ്ച്ചിരുന്നെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് വഖഫ് ബോര്‍ഡ് മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന് മറുപടിയായി കാരന്തൂര്‍ ജമാഅത്ത് കമ്മിറ്റി ഖബര്‍ റിസര്‍വേഷന്‍ ചെയ്യുന്നത് നിര്‍ത്തല്‍ ചെയ്യുമെന്ന് സത്യവാങ്മൂലം വഖഫ് ബോര്‍ഡില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇത് ലംഘിച്ച് റിസര്‍വ് ചെയ്ത സ്ഥലത്ത് ഖബറടക്കം നടത്തുകയും മഹല്ലില്‍ മരണപ്പെടുന്നവരെ പള്ളിയോട് ചേര്‍ന്നുള്ള ഖബര്‍സ്ഥാനിന് വെളിയിലുള്ള സ്ഥലത്താണ് മറവ് ചെയ്യുന്നതെന്നവര്‍ ആരോപിച്ചു.
കമ്മിറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്തതില്‍ 13 ലക്ഷത്തിന്റെ വ്യത്യാസമാണ് കണ്ടെത്തിയിട്ടുള്ളത്. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് പല കാര്യങ്ങളും ചെയ്യുന്നതെന്നവര്‍ കുറ്റപ്പെടുത്തി. സെക്രട്ടറി ഒ. അബ്ദു, ട്രഷറര്‍ ടി.ടി സുലൈമാന്‍, മെംബര്‍ അബ്ദുറഹിമാന്‍ പാറപ്പുറത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *