കോഴിക്കോട്: നാലു പതിറ്റാണ്ടോളം ഹാസ്യത്തിന്റെ കോഴിക്കോടന്‍ ശൈലിയുമായി മലയാളസിനിമയില്‍ നിറഞ്ഞു നിന്ന നടന് മാമുക്കോയ (76) അന്തരിച്ചു. കഴിഞ്ഞ ദിവസം മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന് എത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെ ഇന്ന് ഉച്ചയോടെ മരണമടഞ്ഞു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലെ രക്തസ്രാവും മരണകാരണമായെന്ന് ആശുപത്രിവൃത്തങ്ങള്‍ സൂചിപ്പിച്ചു.
ചാലിക്കണ്ടി മുഹമ്മദിന്റേയും ഇമ്പിച്ചി ആയിശയുടെയും മകനായി 1946 ല്‍ കോഴിക്കോട് പള്ളിക്കണ്ടിയില്‍ ജനിച്ചു. മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്ന് ജ്യേഷ്ഠന്റെ സംരക്ഷണയില്‍ വളര്‍ന്ന അദ്ദേഹം കോഴിക്കോട് എം. എം. ഹൈസ്കൂളില്‍ പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കി. പഠനകാലത്തു തന്നെ സ്കൂള്‍ നാടകങ്ങളില്‍ സജീവമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കല്ലായിയിലെ തടിമില്ലില്‍ ജോലിക്കാരനായി. മരം അളക്കുക, നമ്പറിടുക, മരത്തിന്റെ ഗുണം നോക്കുക എന്നീ ജോലികളില്‍ വൈദഗ്ധ്യം പുലര്‍ത്തുന്നതിനോടൊപ്പം തന്നെ നാടകത്തിലും സജീവമായിരുന്നു. കെ. ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ്, എ. കെ. പുതിയങ്ങാടി കെ. ടി കുഞ്ഞ് ചെമ്മങ്ങാട് റഹ്മാന് തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.
നാടകരംഗത്തു നിന്നും സിനിമയില്‍ എത്തിയ മാമുക്കോയ കോഴിക്കോടന്‍ ഭാഷയുടെ മനോഹരശൈലിയെ സിനിമയിലൂടെ ജനകീയമാക്കി. നിലമ്പൂര്‍ ബാലന് സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം വളരെ സ്വാഭാവികമായ അഭിനയശൈലിയിലൂടെ സിനിമയില്‍ തന്റേതായ ഇടം പിടിച്ചു. കുതിരവട്ടം പപ്പുവിന്റെ കോഴിക്കോടന്‍ ശൈലി കണ്ട പ്രേക്ഷകര്‍ മാമുക്കോയയുടെ കോഴിക്കോടന്‍ മുസ്ലീം സംഭാഷണ ശൈലിയും നെഞ്ചോടേറ്റുവാങ്ങി. ഏതുതരം കഥാപാത്രത്തേയും അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ചു. റാംജിറാവ് സ്പീക്കിങിലെ ഹംസക്കോയയുടെ എടാ ബാലസ്നാ വിളി എന്നും പ്രേക്ഷക മനസ്സില്‍ ചിരിയുണര്‍ത്തി. നാടോടിക്കാറ്റിലെ ഗഫൂര്‍ക്കയും സന്ദേശത്തിലെ കെ. ജി പൊതുവാളും മഴവില്‍ക്കാവടിയിലെ കുഞ്ഞിക്കാദറും കണ്‍കെട്ടിലെ കീലേരി അച്ചുവും ഹിസ് ഹൈനസ് അബ്ദുള്ളയിലെ ജമാലും തുടങ്ങി അദ്ദേഹം തന്റെ കോഴിക്കോടന്‍ ശൈലിയില്‍ അനശ്വരനാക്കിയ കഥാപാത്രങ്ങള്‍ ഒട്ടേറെയാണ്. മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ചിട്ടുണ്ട്.
2021 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന് ദ ഗ്രേറ്റ, 2023 ല്‍ ഇ. എം അഷ്റഫ് സംവിധാനം ചെയ്ത ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി. പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. 2008ല്‍ ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് മികച്ച ഹാസ്യനടനായി തെരഞ്ഞെടുക്കപ്പെട്ടു. അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സുലൈഖ മന്‍സില്‍ അദ്ദേഹം ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളില്‍ ഒന്നാണ്. സുഹറയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.