കോഴിക്കോട്: പതിനഞ്ചാം നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ യി.ഡിഎഫ് മുന്നണിയെ പിന്തുണയ്ക്കാൻ വിവിധ ദലിത് ആദിവാസി സംഘടനകളുടെ സംയുക്ത ഫോറമായ ‘ദലിത് ആദിവാസി സംയുക്ത സമിതി’ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾ പട്ടിക വിഭാഗങ്ങൾക്കും പരിവർത്തിത ക്രൈസ്തവർക്കും മത്സ്യതൊഴിലാളികൾ
ഉൾപ്പെടെയുള്ള ബഹുജന സമൂഹങ്ങൾക്കും യാതൊരു വിധത്തിലുമുള്ള ഭാവിയും ലക്ഷ്യമാക്കിയില്ല. ഭവനം, ഭൂമി, വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, സുരക്ഷിതത്വം, സാമൂഹിക നീതി തുടങ്ങിയ എല്ലാ മേഖലയിലും ദലിത് ആദിവാസി വിരുദ്ധമായി നിലകൊള്ളുക എന്ന സമീപനമാണ് ഇടതു സർക്കാർ ഉടനീളം സ്വീകരിച്ചിട്ടുള്ളത്.
കെ എ എസ് നിലവിൽ വന്നപ്പോൾ സംവരണതത്വം എടുത്തു കളയുന്നതിനാണ് ശ്രമിച്ചത്. പിന്നോക്ക-ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ ശക്തമായ സമരത്തിനു ശേഷം മാത്രമാണ് കെ എ എസ് സംവരണം അനുവദിച്ചത്. അതും ഇ.ഡബ്ല്യു.എസ് നടപ്പിലാക്കിയ സാഹചര്യത്തിലായിരുന്നു എന്ന് വ്യക്തവുമാണ്. പ്രളയ കാല ദുരന്തത്തിൽ സർക്കാർ ചിലവഴിച്ച തുകയുടെ ബഹുഭൂരിപക്ഷവും പട്ടിക വിഭാഗങ്ങളുടെ ക്ഷേമത്തിനായി വകയിരുത്തിയ ഫണ്ടുകളിൽ നിന്നാണ് എടുത്തത്. എന്നാൽ പ്രളയാനന്തരമുള്ള ബഡ്ജറ്റു വിഹിതത്തിൽ ഈ തുക പകരം വകയിരുത്തുകയുണ്ടായില്ല.
യു ഡി എഫ് മുന്നണി സാമൂഹിക നീതി, സുരക്ഷിതത്വം എന്നിവയിലധിഷ്ഠിതമായ ഒരു സമഗ്ര നയം മുന്നോട്ടുവെയ്ക്കുന്നുണ്ടെന്നും അതിനാൽ യു ഡി എഫ് മുന്നണി അധികാരത്തിലെത്തേണ്ടത് ദുർബല സമൂഹങ്ങളുടെ ആവശ്യമാണെന്നും സമിതി കൺവീനർമാരായ കെ.ശശിധരൻ മാസ്റ്റർ, ചിത്ര നിലമ്പൂർ, ഒ.കെ.പ്രഭാകരൻ, ഭാസ്‌കരൻ മങ്ങാട്, ടി.ടി.കണ്ണൻകുട്ടി, ഡോ.വി.വി.അഭിലാഷ് അറിയിച്ചു.