ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക – വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ വ്യാപാര വ്യവസായ മേഖലയുടെ സമഗ്രമായ പുരോഗതിക്കും നാടിന്റെ വികസനത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു. ദുരന്തങ്ങളേയും പ്രതിസന്ധികളേയും ഫലപ്രദമായി നേരിടുന്നതിനും ജനങ്ങൾക്ക് ആശ്വാസമേകുന്ന നടപടികൾ സ്വീകരിക്കുന്നതിനും ഇടതു സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ടാണ് സംസ്ഥാന സർക്കാർ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായി വ്യാപാര-വ്യവസായ-കാർഷിക മേഖലയിലുണ്ടായ പ്രതിസന്ധി ജനങ്ങളുടെ ക്രയശേഷിയിലുണ്ടാക്കിയ കുറവ് ഏറ്റവും അധികം ബാധിച്ചത് ചെറുകിട ഇടത്തരം വ്യാപാരികളെയാണ്. ഈ പ്രതിസന്ധി ഒരു പരിധിവരെ മറികടക്കുന്നതിന് ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾ വ്യാപാരികളെ സഹായിച്ചിട്ടുണ്ട്.
വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള ലൈസൻസുകളും മറ്റ് അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ കെ-സ്വിഫ്റ്റ് പദ്ധതി ഇടതു സർക്കാർ നടപ്പിലാക്കി. വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുന്നതിനും ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും അത് സമയബന്ധിതമായി കുടിശ്ശിക തീർത്ത് വിതരണം ചെയ്യുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിച്ചു. പ്രളയത്തിൽ സ്ഥാപനങ്ങൾക്ക് നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് 5000 രൂപ വീതം നഷ്ട പരിഹാരം ക്ഷേമനിധി ബോർഡ് വഴി സർക്കാർ ലഭ്യമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണി തയ്യാറാക്കിയ പ്രകടന പത്രികയിൽ വാണിജ്യ വ്യവസായ മേഖലക്ക് ഊന്നൽ നൽകുന്ന കർമ്മ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട വ്യാപാര മേഖലയുടെ സമഗ്രമായ പുരോഗതിക്ക് ഒരു വാണിജ്യ നയത്തിന് രൂപം നൽകുമെന്ന പ്രഖ്യാപനം ദീർഘ കാലമായി വ്യാപാരി വ്യവസായികൾ ആവശ്യപ്പെട്ടു വരുന്നതാണ്. നാട്ടിൻ പുറങ്ങളിലേയും നഗരങ്ങളിലേയും കമ്പോളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നാടൻ ചന്തകളെ ഷോപ്പിംഗ് മാളുകൾക്ക് ബദലായി ഉയർത്തുന്നതിനും ആവശ്യമായ പദ്ധതികളെ സംബന്ധിച്ചും പ്രകടന പത്രികയിൽ പ്രതിപാദിക്കുന്നുണ്ട്. വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസം ലഭ്യമാക്കണമെന്ന ർഷങ്ങളായി വ്യാപാരികൾ ഉന്നയിക്കുന്ന ആവശ്യം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയത് വ്യാപാരി സമൂഹത്തിന് ഗുണകരമാണ്. വ്യാപാരികൾക്ക് മിതമായ പലിശ നിരക്കിൽ ലളിത വ്യവസ്ഥകളോടെ കേരള ബാങ്കിൽ നിന്നും, സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭ്യമാക്കുമെന്ന ഉറപ്പും ജി.എസ്.ടിയെ കൂടുതൽ ചെറുകിട വ്യാപാരികൾക്ക് അനുകൂലമാക്കുമെന്ന പ്രഖ്യാപനവും, വാറ്റ് കുടിശ്ശികയുള്ള വ്യാപാരികൾക്ക് ആംനസ്റ്റി സ്‌കീം ഉദാരമായി നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമെല്ലാം വ്യാപാരികൾക്ക് പ്രതീക്ഷ നൽകുന്നതാണ്.വി.കെ.സി മമ്മദ് കോയ, അബ്ദുൾ ഗഫൂർ സി.വി.ഇഖ്ബാൽ,റഫീഖ്.കെ.എം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *