കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സിനിമയുടെ 110ാം വാര്‍ഷികാഘോഷം മെയ് മൂന്ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ മുന്‍കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹേബ് ഫാല്‍ക്കെ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സിനിമയായ രാജാഹരിശ്ചന്ദ്രയുടെ ആദ്യ പ്രദര്‍ശനം 1913 മെയ് മൂന്നിനായിരുന്നു. നിശബ്ദ ചലച്ചിത്രമാണ് രാജാഹരിശ്ചന്ദ്ര. ചലച്ചിത്രമേഖലയില്‍ നല്‍കിയ മികച്ച സംഭാവനകളെമാനിച്ച് പത്മശ്രീ പുരസ്‌കാരജേതാവായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് രാജാഹരിശ്ചന്ദ്ര അവാര്‍ഡ് സമ്മാനിക്കും. ചലച്ചിത്ര ടെലിവിഷന്‍ നാടക സംഗീത സാഹിത്യ മാധ്യമ കലാമേഖലകളില്‍ മികവ് പുലര്‍ത്തിയ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ 20 വനിതകളെ ആദരിക്കും.
ചലച്ചിത്ര വിഭാഗത്തില്‍ നിര്‍മ്മാതാക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ, തിരക്കഥാകൃത്തുക്കളായ ദീദി ദാമോദരന്‍, ഇന്ദുമേനോന്‍, നടിമാരായ സാവിത്രി ശ്രീധരന്‍, കബനി എന്നിവരെയാണ് ആദരിക്കുന്നത്. കേരള ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് സുലൈഖ ബഷീര്‍, നടി കെ.കെ.ഇന്ദിര, ഡോക്യുമെന്ററി സംവിധായിക ഹേമ എസ് ചന്ദ്രേടത്ത്, മനോരമ ന്യൂസ് കറസ്‌പോണ്ടന്റ് മിഥില ബാലന്‍, മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഷിദ കെ.കെ., ചന്ദ്രിക സബ് എഡിറ്റര്‍ ഫസ്‌ന ഫാത്തിമ, റേഡിയോ മാംഗോ ആര്‍ജെ ലിഷ്ണ എന്‍.സി, ഷോര്‍ട്ട് ഫിലിം സംവിധായികമാരും തിരക്കഥാകൃത്തുക്കളും നടിമാരുമായ പ്രബിജ ബൈജു, ബിന്ദു നായര്‍, നിഷി പുളിയോത്ത്, നടിയും മേക്കപ്പ് വുമണും ഹെയര്‍ ഡ്രസ്സറുമായ പി.കെ.ശാരദ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം നാടക മത്സരത്തിലെ മികച്ച നടി നിള നൗഷാദ്, ബാലഗായിക യദുനന്ദ എന്നിവരേയും ആദരിക്കും.