കോഴിക്കോട്: ഹൃദ്രോഗ ചികിത്സയിലെ ഏറ്റവും നൂതന സംവിധാനങ്ങളിലൊന്നായ കൊറോണറി ഇൻട്രാ വാസ്കുലാർ ലിത്തോട്രിപ്സി (IVL) കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിൽ സജ്ജീകരിച്ചു. ഹൃദയത്തിൽ കാത്സ്യം അടിഞ്ഞ് കൂടിയുണ്ടാകുന്ന ബ്ലോക്കുകൾക്ക് ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഐ വി എൽ.
ഹൃദ്രോഗികളിൽ സാധാരണ കാണുന്ന ബ്ലോക്കുകളെ അപേക്ഷിച്ച് കാത്സ്യം അടിഞ്ഞ് കൂടുന്നത് മൂലമുണ്ടാകുന്ന ബ്ലോക്കിന് കാഠിന്യം വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം ബ്ലോക്കുകൾ നീക്കം ചെയ്യുന്നതിന് വെല്ലുവിളികൾ വളരെയധികമാണ്. ഈ വെല്ലുവിളിയെ തരണം ചെയ്യാൻ ഐ വി എൽ സഹായകരമാകുന്നു. ലിത്തോട്രിപ്സി ബലൂണുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്. രക്ത ധമനികളിലൂടെ ഈ ബലൂണുകൾ ഹൃദയത്തിലെ ബ്ലോക്കുള്ള മേഖലയിലേക്ക് കടത്തി വിടുന്നു. ഇതിൽ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക സംവിധാനങ്ങൾ വഴി അൽട്രാ ഹൈ പ്രഷർ സോണിക് തരംഗങ്ങൾ കടത്തി വിടുകയും അവ കാത്സ്യം അടിഞ്ഞ് കൂടിയുണ്ടാകുന്ന ബ്ലോക്കിൽ സമ്മർദ്ദം ചെലുത്തി പൊടിച്ച് കളയുകയും തുടർന്ന് അവിടെ ്സ്റ്റെന്റ് സ്ഥാപിച്ച് സുരക്ഷികതമാക്കുകയുമാണ് ചെയ്യുന്നത്.
ഒരിക്കൽ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയരായവർ, വൃക്ക രോഗബാധിതർ, പ്രായം കൂടിയവർ മുതലായവരിൽ ഇത് ഏറെ അനുയോജ്യമാണ്. ഇത്തരത്തിലുള്ളവർക്ക് നിലവിൽ ഉപയോഗിച്ചിരുന്നത് റോട്ടാബ്ലേഷൻ ബൈപ്പാസ് പോലുള്ള രീതികളാണ്. എന്നാൽ പലപ്പോഴും ഇത് എല്ലാവരിലും പൂർണ്ണമായും ഫലപ്രദമല്ലായിരുന്നു. ഈ രീതിയുടെ സാങ്കേതികമായ കുറവുകൾ പരിഹരിച്ച് കൂടുതൽ ഫലപ്രദമായ രീതിയിൽ ചികിത്സ പൂർത്തീകരിക്കാൻ സാധിക്കുമെന്നതാണ് ഐ വി എൽന്റെ പ്രധാന സവിശേഷത. സുരക്ഷിതമാണെന്നതും, വേഗത്തിൽ ചികിത്സ പൂർത്തീകരിക്കാൻ സാധിക്കുമെന്നതും, രക്തനഷ്ടം ഇല്ല എന്നതും മറ്റ് സവിശേഷതകളാണ്. ഇതിന് പുറമെ രക്ത ധമനികളിൽ ആഴത്തിലുള്ള കാത്സ്യം പൊടിച്ചു കളയാൻ നിലവിലുള്ള ഏക മാർഗ്ഗവും ഐ വി എൽ ആണ്. കൂടാതെ കാലിലെ രക്ത ധമനികളിൽ കാത്സ്യം അടിഞ്ഞ് കൂടിയുണ്ടാകുന്ന ബ്ലോക്കുകൾക്കും ഇത് ഫലപ്രദമാണ്. ഈ രീതി യാഥാർത്ഥ്യമാകുന്നതോടെ കാലിൽ ബ്ലാക്ക് സംഭവിക്കുന്നത് മൂലം കാൽ മുറിച്ചു കളയേണ്ടി വരുന്ന അവസ്ഥയ്ക്ക് ഒരുപരിധിവരെ പരിഹാരമാവുകയും ചെയ്യും.
കോവിഡ്് കാലത്ത് കോഴിക്കോട് ആസ്റ്റർ മിംസിൽ നടപ്പിലാക്കിയ ‘ആശ്വസ’ പദ്ധതി പ്രകാരം അഞ്ഞൂറിലധികം ആൻജിയോപ്ലാസ്റ്റി പൂർത്തീകരിച്ചു എന്നും, നിർധനരായുള്ളവർക്കുള്ള ‘ആശ്വസ പദ്ധതിയുടെ ആനുകൂല്യം ഇപ്പോഴും തുടരുന്നു എന്നും ആസ്റ്റർ മിംസ് നോർത്ത് സി ഇ ഒ ഫർഹാൻ യാസിൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഹൃദ്രോഗ ചികിത്സാ വിഭാഗം മേധാവി ഡോ.ഷഫീഖ് മാട്ടുമ്മൽ, ഐ വി എല്ലിന് നേതൃത്വം വഹിച്ച സീനിയർ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ.അനിൽ സലീം പങ്കെടുത്തു.