ഇന്ത്യക്കാര്‍ക്ക് ജപ്പാനില്‍ ധാരാളം അവസരങ്ങള്‍:  താഗ മസയുകി

ഇന്ത്യക്കാര്‍ക്ക് ജപ്പാനില്‍ ധാരാളം അവസരങ്ങള്‍:  താഗ മസയുകി

കോഴിക്കോട്:  മറ്റു രാജ്യങ്ങളില്‍ നിന്ന് ജപ്പാനിലേയ്ക്ക് ജോലിക്കും സന്ദര്‍ശനത്തിനും അല്ലാതെയും വരുന്ന ജനങ്ങളുടെ എണ്ണത്തെ ജനസംഖ്യാനുപാതികമായി നോക്കുകയാണെങ്കില്‍ ഇന്ത്യയില്‍ നിന്നും വരുന്നവര്‍ വളരെ കുറവാണെന്ന് ചെന്നൈയിലെ ജാപ്പനീസ് കോണ്‍സുലേറ്റ് ജനറലിലെ കോണ്‍സുല്‍ ജനറല്‍ താഗ മസായുകി പറഞ്ഞു. ചൈനയില്‍ നിന്നും ഒരു വര്‍ഷം അറുപത് ലക്ഷം ആളുകള്‍ ജപ്പാനിലേയ്ക്ക് വരികയും ജപ്പാനില്‍ നിന്ന് മുപ്പത് ലക്ഷം ആളുകള്‍ ചൈനയിലേയ്ക്ക് പോവുകയും ചെയ്യുന്നുണ്ട്. ലോകജനസംഖ്യയില്‍ ചൈനയ്ക്ക് മുന്നില്‍ എത്തിയിട്ടുള്ള ഇന്ത്യയില്‍ നിന്ന് രണ്ട് ലക്ഷം ആളുകള്‍ തൊഴില്‍ സംബന്ധമായും അല്ലാതെയും ജപ്പാനിലേയ്ക്ക് എത്തുകയും ജപ്പാനില്‍ നിന്ന് ഒന്നര ലക്ഷം ആളുകള്‍ മാത്രവുമാണ് ഇന്ത്യയിലേയ്ക്ക് വരികയും ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ഇന്ത്യക്കാര്‍ക്ക് ജപ്പാനില്‍ വളരെയധികം സാധ്യതകള്‍ ഉണ്ടെന്ന് പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒയിസ്‌ക ഇന്റര്‍നാഷണലും റീജിയണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനറ്റോറിയവുമായി ചേര്‍ന്ന് ഇന്ത്യ- ജപ്പാന്‍ നയതന്ത്ര ബന്ധങ്ങളുടെ എഴുപത്തിയൊന്നാം വര്‍ഷം പ്രമാണിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റീജിയനല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനിറ്റോറിയം ക്യൂറേറ്റര്‍ ആന്‍ഡ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് കുമാര്‍ ദുബേ  അധ്യക്ഷം വഹിച്ചു. സൗത്ത് ഇന്ത്യ ഒയിസ്‌ക ഇന്റര്‍നാഷണല്‍ സെക്രട്ടറി എം. അരവിന്ദബാബു സ്വാഗതവും ഒയിസ്‌ക സൗത്ത് ഇന്ത്യ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഫൗസിയ മുബഷിര്‍ നന്ദിയും രേഖപ്പെടുത്തി. പ്രൊഫ. തോമസ് തേവര മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഒയിസ്‌ക സോഷ്യല്‍ അവയര്‍നെസ് ആന്‍ഡ് ലീഡര്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാം അംഗങ്ങളായ ജോസ്‌വിന്‍ ടോം, ദിയ ബേബി ജോര്‍ജ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വി. പി സുകുമാരന്‍, വി. പി ശശിധരന്‍, പി. കെ നളിനാക്ഷന്‍, പി. ചന്ദ്രശേഖരന്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *