ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും മധ്യപ്രദേശിലെ ഇന്‍ഡോറിലേയ്ക്ക് മാറ്റി സുപ്രീം കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫാറൂഖി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ക്കാണ് ഫാറൂഖി അറസ്റ്റിലായത്.
‘വസ്തുതകളും സാഹചര്യങ്ങളും കോടതിയുടെ മുന്‍ ഉത്തരവും കണക്കിലെടുത്തുക്കൊണ്ടാണ് എല്ലാ കേസുകളും ഇന്‍ഡോറിലേക്ക് മാറ്റിയത്. ഏതെങ്കിലും ഹര്‍ജി ഉചിതമായ കോടതിക്ക് മുമ്പാകെ ഫയല്‍ ചെയ്താല്‍ അത് നിയമപ്രകാരം പരിഗണിക്കും. ഫാറൂഖിക്ക് ഇടക്കാല സംരക്ഷണം നല്‍കിയിട്ടുണ്ട്. അത് സമ്പൂര്‍ണ്ണമാക്കിയിരിക്കുന്നു,’ ജസ്റ്റിസ് ബി. ആര്‍. ഗവായ്,സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
2021 ഫെബ്രുവരി അഞ്ചിനാണ് മധ്യപ്രദേശ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി മുനവര്‍ ഫാറൂഖിക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. 2021 ലെ ഒരു സ്റ്റേജ് ഷോയ്ക്കിടെ മുനവര്‍ ഹിന്ദു ദേവന്മാരെയും ദേവതകളെയും അപമാനിച്ചു എന്നാരോപിച്ചാണ് വിവിധ സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മുനവര്‍ പരിപാടിക്കിടെ ഹിന്ദു ദേവതകളംയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കുറിച്ച് തമാശകള്‍ ഉണ്ടാക്കിയെന്നാണ് ആരോപണം. ബി. ജെ. പി എം. എല്‍. എ മാലിനി ലക്ഷ്മണ്‍ സിങിന്റെ മകന്‍ ഏക്‌ലവ്യ സിങ് ഗ്വാദ് ആണ് ആദ്യം കേസുമായി രംഗത്തെത്തിയത്.