വടകര: കോഴിക്കോട് ജില്ലയിലെ അനെര്‍ട്ട് സ്ഥാപിച്ച കെ ടി ഡി സി വടകര ആഹാര്‍ റെസ്റ്റോറന്റിലെ പൊതു വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളും അനെര്‍ട്ടും ഇ.ഇ.എസ്.എല്‍ ഉം ചേര്‍ന്ന് നടപ്പിലാക്കുന്ന ഫാസ്റ്റ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള ചാര്‍ജിങ്ങ് സ്റ്റേഷനാണ് വടകര കെ.ടി.ഡി.സി ആഹാര്‍ റെസ്റ്റോറന്റില്‍ യാഥാര്‍ഥ്യമാക്കിയത്.
വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു അധ്യക്ഷയായ യോഗത്തില്‍, കെ.ടി.ഡി.സി യുടെ ചെയര്‍മാന്‍ പി.കെ ശശി സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍ ഷൈനി കെ. എം, കെ. എസ്. ഇ. ബി. എല്‍ വടകര സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ദ്വിപിന്‍ ദാസ് .ഡി, വടകര കെ.ടി.ഡി.സി ആഹാര്‍ റെസ്റ്റോറന്റ് മാനേജര്‍ വിനോദ് കുമാര്‍, എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ അറിയിച്ചു. അനെര്‍ട്ട് കോഴിക്കോട് ജില്ലാ എഞ്ചിനീയര്‍ അമല്‍ചന്ദ്രന്‍ ഈ. ആര്‍. ചടങ്ങില്‍ നന്ദി അര്‍പ്പിച്ചു.
60കിലോവാട്ട്, 22കിലോ വാട്ട്, ഷാഡമോ എന്നിങ്ങനെ 3 ചാര്‍ജിങ് ഗണ്ണുകള്‍ മെഷീനില്‍ ഉണ്ട്. Tടെസ്ല കാറുകളില്‍ ഉപയോഗിക്കുന്നതാണ് ഷാഡമോ ഗണ്‍. ഭാവിയിലെ മാറ്റം കൂടി ഉള്‍കൊള്ളാന്‍ ഷാഡമോയിലൂടെ സാധിക്കും. ഒരേ സമയം രണ്ടു കാറുകള്‍ക്ക് ചാര്‍ജ് ചെയ്യാനാകും. ഫുള്‍ ചാര്‍ജിങ്ങിനു 30 മുതല്‍ 45 മിനിറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജി. എസ്. ടി യും നല്‍കണം. പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന Electreefi എന്ന ആപ്പിലൂടെ പണമടക്കാം. ചാര്‍ജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴി ആയതിനാല്‍ ജീവനക്കാരുടെ ആവശ്യമില്ല. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക, ഇന്ധന വില വര്‍ദ്ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇ-വെഹിക്കിള്‍ പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ ദീര്‍ഘ ദൂര യാത്രകള്‍ക്ക് മതിയായ ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന്‍ ശൃംഖല അനിവാര്യമാണ്. ഇതിന്റെ പ്രാധാന്യം മനസിലാക്കി അനെര്‍ട്ട് മുനിസിപ്പാലിറ്റി, പഞ്ചായത്തുകള്‍, കെ.ടി.ഡി.സി ഹോട്ടലുകള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുമായി യോജിച്ച് ദേശീയ പാത, സംസ്ഥാന പാതകള്‍ എന്നിവിടങ്ങളില്‍ ഇ-കാറുകള്‍ക്കായുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു വരുന്നു. 10 സ്റ്റേഷനുകളില്‍ പദ്ധതി ആരംഭിച്ചു കഴിഞ്ഞു. കൂടാതെ നിലവില്‍ 5 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.