ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ ജുഡീഷ്യറിക്കെതിരായ പോസ്റ്റുകളിട്ട മുന്‍ ഐ. പി. എല്‍ കമ്മീഷണര്‍ ലളിത് മോദിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു. ലളിത് മോദി നിരുപാധികം മാപ്പു പറഞ്ഞതിനെ തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിച്ചത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ അന്തസ്സിന് കോട്ടം തട്ടുന്ന തരത്തില്‍ ഒന്നും ഭാവിയില്‍ ചെയ്യില്ലെന്ന് മോദി സത്യവാങ്മൂലത്തില്‍ ഉറപ്പു നല്‍കി.
നിരുപാധിക മാപ്പ് ഞങ്ങള്‍ സ്വീകരിക്കുന്നു. ഭാവിയില്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ പ്രതിഛായ തകര്‍ക്കുന്ന തരത്തില്‍ എന്തെങ്കിലും നടപടി എതിര്‍ കക്ഷിയില്‍ നിന്ന് ഉണ്ടായാല്‍ അത് ഗൗരവമായി കാണും. ജസ്റ്റിസ് എം. ആര്‍ ഷാ, സി. ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ലളിത് മോദിയുടെ സത്യവാങ്മൂലം പരിശോധിച്ചതിനു ശേഷം നടപടികള്‍ അവസാനിപ്പിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി. തുറന്ന ഹൃദയത്തോടെയാണ് നിരുപാധിക മാപ്പ് സ്വീകരിക്കുന്നത്. കാരണം, കോടതി എപ്പോഴും ക്ഷമിക്കുന്നതില്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ച് മാപ്പ് പറയുന്നത് നിരുപാധികവും ഹൃദയത്തില്‍ തൊട്ടുമാകുമ്പോള്‍. മാപ്പ് സ്വീകരിച്ചു കൊണ്ട് നടപടികള്‍ അവസാനിപ്പിക്കുന്നു. ബെഞ്ച് വ്യക്തമാക്കി.