ഭോപ്പാല്‍: മധ്യപ്രദേശില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കായുള്ള മുഖ്യമന്ത്രി കന്യാദാന്‍ യോജന വിവാഹ പദ്ധതിയില്‍ വിവാദം പുകയുന്നു. യോഗ്യത നിശ്ചയിക്കാന്‍ വധുക്കളില്‍ ചിലരെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയതാണ് വിവാദത്തിലായിരിക്കുന്നത്. ഗര്‍ഭിണികളാണെന്ന് പരിശോധനയില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് 219 പേരില്‍ അഞ്ച് പേരുടെ വിവാഹം ശനിയാഴ്ച നടന്നിരുന്നില്ല. യുവതികളെ ഗര്‍ഭപരിശോധനയ്ക്ക് വിധേയരാക്കുന്നത് നീതികേടാണെന്ന് ആരോപിച്ച് വലിയ രാഷ്ട്രീയവിവാദമാണ് മധ്യപ്രദേശില്‍ നടക്കുന്നത്. ബി. ജെ. പി നേത്ൃത്വത്തിലുള്ള സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് പെണ്‍മക്കളുടെ അഭിമാനത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണെന്ന് ആരോപിച്ചു.
മുഖ്യമന്ത്രി കന്യാ വിവാഹ്/ നിക്കാഹ് യോജന പദ്ധതി പ്രകാരം ഗദ്‌സരായിയിലാണ് ശനിയാഴ്ച സമൂഹവിവാഹം നടന്നത്. ധനസഹായത്തിന് അപേക്ഷിച്ച സ്ത്രീകളെ മെഡിക്കല്‍ പരിശോധന നടത്തുകയും ഇതില്‍ പ്രെഗ്നന്‍സി പോസിറ്റീവ് എന്ന് കണ്ടെത്തിയവരെ ഗുണഭോക്തൃ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ദളിത്, പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ നിന്ന് 219 അപേക്ഷകളായിരുന്നു ലഭിച്ചത്. എന്നാല്‍ അപേക്ഷ നല്‍കി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സമൂഹവിവാഹ ചടങ്ങില്‍ താലി ചാര്‍ത്താനെത്തിയ അഞ്ചു യുവതികളെ പട്ടികയില്‍ നിന്ന് അധികൃതര്‍ നീക്കം ചെയ്യുകയായിരുന്നു. ഗര്‍ഭ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കാണിച്ചാണ് ഇവരെ നീക്കംചെയ്തത്.
വിവാഹത്തിന് മുമ്പ് തന്നെ പങ്കാളിക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയിരുന്നെന്നാണ് ഗര്‍ഭപരിശോധനാ ഫലം പോസിറ്റീവായ ഒരു യുവതി പ്രതികരിച്ചത്. ഞാന്‍ ഗര്‍ഭിണിയാണെന്ന് പരിശോധനാഫലം വന്നു. അതുകൊണ്ടുതന്നെയാണ് വിവാഹിതരാകാനുള്ളവരുടെ പട്ടികയില്‍ നിന്ന് എന്റെ പേര് ഒഴിവാക്കിയതെന്ന് എനിക്കറിയാം. കാരണമൊന്നും പറയാതെയാണ് അധികൃതര്‍ ഇങ്ങനെ ചെയ്തത്. യുവതി പറയുന്നു.
ഇങ്ങനെയുള്ള പരിശോധനയൊന്നും മുമ്പ് നടത്തിയിരുന്നില്ലെന്ന് ഗ്രാമമുഖ്യന്‍ പറയുന്നു. ഇത് പെണ്‍കുട്ടികളെ അപമാനിക്കലാണ്. ഈ പെണ്‍കുട്ടികളൊക്കെ ഇപ്പോള്‍ കുടുംബത്തിനു മുന്നില്‍ തെറ്റുകാരായില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. പ്രായം ഉറപ്പാക്കുന്നതിനും സിക്കിള്‍ സെല്‍ അനീമിയ പോലെയുള്ള രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാനുമാണ് പരിശോധനകള്‍ നടത്താറുള്ളതെന്ന് സ്ഥലത്തെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ രമേശ് മറാവി പറയുന്നു. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് സംശയമുള്ള ചില യുവതികളെ ഗര്‍ഭപരിശോധനയ്ക്ക് വിധേയരാക്കിയത്. പരിശോധനയ്ക്ക് വിധേയരാക്കുകയും ഫലം പുറത്തുവിടുകയും മാത്രമാണ് തങ്ങള്‍ ചെയ്തത്. ആരോഗ്യവകുപ്പ് നിര്‍ദ്ദേശപ്രകാരം ഈ യുവതികളെ വിവാഹത്തില്‍ നിന്ന് ഒഴിവാക്കിയത് സാമൂഹ്യക്ഷേമ വകുപ്പാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നു.
പ്രാദേശിക ഭരണകൂടവും സംസ്ഥാന സര്‍ക്കാരും യുവതികളെ അപമാനിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എനിക്കറിയണം ഇത് സത്യമാണോയെന്ന്. അക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി തരണം. സത്യമാണെങ്കില്‍, മധ്യപ്രദേശിലെ പുത്രിമാരോട് ഇത്തരമൊരു നീതികേട് കാട്ടിയതാരാണെന്ന് വ്യക്തമാക്കണം. പാവപ്പെട്ട കുടുംബങ്ങളിലെയും ഗോത്രവിഭാഗങ്ങളിലെയും യുവതികള്‍ക്ക് മുഖ്യമന്ത്രിയുടെ കണ്ണില്‍ ഒരു വിലയുമില്ലെന്നാണോ ശിവ് രാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഈ വിഷയത്തില്‍ ഒരു ഉന്നതതല അന്വേഷണം നടത്തിയേ തീരു. കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് ട്വീറ്റ് ചെയ്തു.