അമൃത്പാല്‍ ദിബ്രുഗഢ് ജയിലില്‍;  കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും റോയും ചോദ്യം ചെയ്യും

അമൃത്പാല്‍ ദിബ്രുഗഢ് ജയിലില്‍; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും റോയും ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: അറസ്റ്റിലായ ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിംഗിനെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും. ഞായറാഴ്ച പഞ്ചാബ് പൊലീസില്‍ കീഴടങ്ങിയ അമൃത്പാലിനെ മണിക്കൂറുകള്‍ക്കകം തന്നെ അസമിലെ അതീവ സുരക്ഷയുളള  ദിബ്രുഗഢ്‌ ജയിലിലേക്ക് മാറ്റുകയായിരുന്നു. വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും പഴക്കമേറിയതും അതീവ സുരക്ഷിതവുമായ ജയിലുകളിലൊന്നാണ് ഇത്. അസമിലെ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്കാണ് അമൃത്പാല്‍ സിംഗിനെ പാര്‍പ്പിച്ചിരിക്കുന്നത്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

അസം പൊലീസിലെ കമാന്‍ഡോകളെടയടക്കം വിന്യസിച്ച് ജയിലിനുള്ള സുരക്ഷ കൂട്ടി. ജയിലില്‍ പ്രത്യേക നിരീക്ഷണം ഉറപ്പാക്കി ഒറ്റയ്ക്കാണ് അമൃത്പാലിനെ പാര്‍പ്പിച്ചിരിക്കുന്നത്. പഞ്ചാബ് പൊലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും റോയും ജയിലില്‍ അമൃത്പാലിനെ ചോദ്യം ചെയ്യം. ലണ്ടനിലെ ഇന്ത്യന്‍ എംബസി അക്രമം അന്വേഷിക്കുന്ന എന്‍. ഐ. എയുടെ സംഘവും അസമിലേക്ക് പോകും.

പപ്പല്‍ പ്രീത് അടക്കുള്ള അമൃത്പാലിന്റെ 9 അനുയായികളും ഇതേ ജയിലിലാണുള്ളത്. ഇവരുടെ വിദേശ ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടിനെ കുറിച്ചും ഏജന്‍സികള്‍ നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. നേരത്തെ അമൃത്പാലിനെതിരെ പൊലീസ് നടപടി തുടങ്ങിയതിന് പിന്നാലെയാണ് വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ ഖലിസ്ഥാന്‍ വാദികള്‍ ആക്രമം നടത്തിയത്. അമൃത്പാലിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ കനത്ത ജാഗ്രത തുടരുകയാണ്.

പഞ്ചാബില്‍ അറസ്റ്റിലായ അമൃത്പാലിനെയും സഹായികളെയും അസമിലേക്ക് മാറ്റിയതിന് പിന്നിലെ കാരണം പുറത്തു വിട്ടിട്ടില്ലെങ്കിലും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്, ഉത്തരേന്ത്യന്‍ ജയിലുകളില്‍ അമൃത്പാലുമായോ വിഘടനവാദ പ്രസ്ഥാനവുമായോ ബന്ധമുള്ള ഗുണ്ടാസംഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെന്നാണ്. കൂടാതെ ദിബ്രൂഗഢ് സെന്‍ട്രല്‍ ജയില്‍ സംസ്ഥാനത്തെ ഏറ്റവും സുരക്ഷിതമായ ജയിലാണെന്ന വസ്തുത. മറ്റൊന്ന് പ്രതികള്‍ തടവുകാരുമായും ജീവനക്കാരുമായും ബന്ധപ്പെടുന്നതിന് ഭാഷ ഒരു തടസ്സമാകുമെന്നതുമാണ്. 1860-ല്‍ ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച ഈ ജയിലില്‍ 680 തടവുകാരാണ് ഉള്ളതെന്ന് അസം സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നു. അസമില്‍ ഉള്‍ഫ തീവ്രവാദം രൂക്ഷമായ സമയത്ത് ജയിലില്‍ ഉയര്‍ന്ന നിലവാരത്തിലുളള സജ്ജീകരണങ്ങള്‍ ചെയ്ത് തീവ്രവാദികളെ പാര്‍പ്പിക്കാന്‍ ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം.

 

Share

Leave a Reply

Your email address will not be published. Required fields are marked *