കടന്നുപോകുന്നത് കനത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ:  റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരേ വീണ്ടും പ്രതിഷേധവുമായി ഗുസ്തിതാരങ്ങള്‍

കടന്നുപോകുന്നത് കനത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ:  റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരേ വീണ്ടും പ്രതിഷേധവുമായി ഗുസ്തിതാരങ്ങള്‍

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ വീണ്ടും പ്രതിഷേധവുമായി ഗുസ്തി താരങ്ങള്‍. ജന്തര്‍ മന്ദറിലാണ് പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു നടത്തുന്ന രാപകല്‍ സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്.

ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെതിരായുള്ള പരാതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ അതൃപ്തയാണെന്ന് ഗുസ്തിതാരം സാക്ഷി മാലിക് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പരസ്യമായി പ്രതിഷേധിച്ചതിനു ശേഷം ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ലെന്ന് സാക്ഷി മാലിക് പറഞ്ഞു. കടന്നു പോകുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ അതൃപ്തിയുണ്ട്. സമിതി രൂപീകരിച്ച ശേഷം അന്വേഷണത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. കായിക താരങ്ങള്‍ക്ക് നീതി ലഭിക്കും വരെ ഇവിടെ തുടരുമെന്നും സാക്ഷി മാലിക് വ്യക്തമാക്കി.

രണ്ട് ദിവസം മുന്‍പ് ഡല്‍ഹി പൊലീസില്‍ ഏഴ് താരങ്ങള്‍ പരാതി നല്‍കിയിരുന്നു. ലൈംഗിക ചൂഷണം ആരോപിച്ചായിരുന്നു പരാതി നല്‍കിയത്.വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ തുടങ്ങിയ താരങ്ങളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം. കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് താരങ്ങളുടെ പ്രതികരണം.

‘ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതുവരെ ഞങ്ങള്‍ ഇവിടെ നിന്ന് പോകില്ല. ഇതിനെതിരെ സര്‍ക്കാരില്‍ നിന്ന് ഒരു പ്രതികരണവും ലഭിക്കുന്നില്ല. ഞങ്ങള്‍ക്ക് നീതി ലഭിക്കുന്നത് വരെ ഞങ്ങള്‍ ഇവിടെ തന്നെ ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യും. മൂന്ന് മാസമായി ഞങ്ങള്‍ അധികാരികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍ ആരും ഞങ്ങളോട് പ്രതികരിക്കുന്നില്ല. കായിക മന്ത്രാലയവും ഒന്നും പറഞ്ഞിട്ടില്ല. അവര്‍ ഞങ്ങളുടെ കോളുകള്‍ പോലും എടുക്കുന്നില്ല. ഞങ്ങള്‍ രാജ്യത്തിനായി മെഡലുകള്‍ നേടിയിട്ടുണ്ട്’. ഗുസ്തി താരങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മൂന്ന് മാസം മുമ്പ് സമാനമായ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ സമരവുമായി രംഗത്തെത്തിയിരുന്നു. താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ മേല്‍നോട്ട സമിതിയും രൂപവത്കരിച്ചു. എം സി മേരി കോമായിരുന്നു സമിതിയുടെ അധ്യക്ഷ. പരാതിയില്‍ ഇതുവരെയായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പോലും സമര്‍പ്പിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. വാര്‍ത്ത സമ്മേളനത്തിനിടെ സാക്ഷി മല്ലിക്കും വിനേഷ് ഫോഗാട്ടും പൊട്ടിക്കരയുകയും ചെയ്തു. സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ ഇടപെട്ടിരുന്നു. സ്വാതി മാലിവാള്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടു.

ബ്രിജ് ഭൂഷണ് എതിരേ പരാതി നല്‍കിയിട്ട് രണ്ടു ദിവസമായിട്ടും എഫ്. ഐ. ആര്‍ എടുത്തില്ലെന്ന് താരങ്ങള്‍ ഇന്നലെ പറഞ്ഞിരുന്നു. രാത്രികാല സമരങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ജന്തര്‍ മന്തറില്‍ നിന്നും പിരിഞ്ഞു പോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഗുസ്തി താരങ്ങള്‍ അതിനു തയ്യാറാവാതെ സമരം തുടരുകയായിരുന്നു. മേല്‍നോട്ട സമിതി രൂപീകരിച്ച് രണ്ടര മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്നതടക്കം താരങ്ങളുടെ പരാതികളോട് കായിക മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *