കോഴിക്കോട്: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിച്ച് കുത്തക മുതലാളിമാർക്ക് ബാങ്ക് തുടങ്ങാനുള്ള കേന്ദ്ര സർക്കാർ നീക്കം സാധാരണ ജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുമെന്ന് ഓൾ ഇന്ത്യാ നാഷണലൈസ്ഡ് ബാങ്ക് ഓഫിസേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. കുത്തകകൾ വായ്പയെടുത്ത് മുങ്ങുമ്പോൾ അവർക്ക് തന്നെ ബാങ്കുകൾ ആരംഭിക്കാൻ അനുവാദം നൽകുന്നത് പൊതു മേഖലയെ ഇല്ലാതാക്കും. ആദ്യം ബാങ്കുകളെ തമ്മിൽ ലയിപ്പിക്കുമെന്നും, പൊതുമേഖലയെ ശക്തിപ്പെടുത്തുമെന്നും തെറ്റിദ്ധാരണ ഉണ്ടാക്കിയാണ് കേന്ദ്ര സർക്കാർ നിഗൂഢ ലക്ഷ്യം നിറവേറ്റുന്നത്. ഈ നില തുടർന്നാൽ സാധാരണക്കാർക്ക് ബാങ്കിങ് മേഖല അപ്രാപ്യമാകും. ബാങ്കിംഗ് പൊതുമേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് കിഡ്‌സൺ കോർണറിൽ മെഴുകുതിരി തെളിയിച്ച് പിന്നോക്കം നടന്ന് പ്രതിഷേധിക്കും. 15ന് കാലത്ത് 10 മണിക്ക് ചക്കോരത്ത് കുളത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ബിജേഷ്.എ.ടി, സെബാസ്റ്റ്യൻ.എം, രാജഗോപാൽ.വി, റിയാസ് റഹ്മാൻ പങ്കെടുത്തു.