കോഴിക്കോട്: കടലാസിന്റെ ക്ഷാമവും വില വർദ്ധനവും അച്ചടി വ്യവസായം പ്രതിസന്ധിയിലാണ്. കോവിഡിനെ തുടർന്ന് ഇറക്കുമതി വൈകുന്നതും, വിദേശ നിർമ്മിത ആർട്ട് പേപ്പറിന്റെ ക്ഷാമവും വില വർദ്ധനവും നിലനിൽക്കുന്നു. ഇന്ത്യൻ പേപ്പർ ഉത്പാദന കമ്പനികളും വില വർദ്ധനവിന്റെ പാതയിലാണ്. മഷി, കെമിക്കൽസ് തുടങ്ങിയ അച്ചടി അനുബന്ധ സാമഗ്രികൾക്കും വില ക്രമാതീതമായി വർധിച്ചതായി കേരള പ്രിന്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് ലോക്ഡൗണിനു ശേഷം പൊതു പരിപാടികളും ഉത്സവാഘോഷങ്ങളും പുനരാരംഭിക്കാത്തതും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതും കാരണം അച്ചടി ജോലികൾ വളരെ കുറവായത് മിക്ക പ്രസ്സുകളെയും ഗുരുതര സാമ്പത്തിക മുദ്ധിമുട്ടിലാക്കി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പോലെ നിയമസഭാ തിരഞ്ഞെടുപ്പും സ്ഥാനാർത്ഥികളുടെ മുഴുവൻ അച്ചടി ജോലികളും കേരളത്തിലെ പ്രസ്സുകളിൽ ചെയ്യണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളോടും ഭാരവാഹികൾ ആവശ്യപ്പെടുന്നു.
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി നവീകരിച്ച് നല്ലയിനം പേപ്പറുണ്ടാക്കുവാൻ നടപടികൾ സ്വീകരിക്കണമെന്നും കടലാസിന്റെ വില വർദ്ധനവും ക്ഷാമവും പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും കേരള പ്രിന്റേഴ്സ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു.