ഇന്ത്യ ലോക ജനസംഖ്യയില്‍ മുന്നിലെത്തുമ്പോള്‍

ഇന്ത്യ ലോക ജനസംഖ്യയില്‍ മുന്നിലെത്തുമ്പോള്‍

യു.എന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ (യു.എന്‍.എഫ്.പി.എ) കണക്കനുസരിച്ച് ചൈനയെ പിന്തള്ളി ലോകജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ചൈനയിലെ 147.57 കോടി ജനങ്ങളേക്കാള്‍ ഇന്ത്യയില്‍ 29ലക്ഷം ജനങ്ങളാണ് കൂടുതലായിട്ടുള്ളത്. ഈ അവസരം ഫലപ്രദമായി ഉപയോഗിച്ചാല്‍ ഇന്ത്യക്ക് ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി മാറാന്‍ കഴിയും. നിലവില്‍ ഒന്നാം സ്ഥാനത്ത് യു.എസും രണ്ടാം സ്ഥാനത്ത് ചൈനയുമാണ്. ഏതൊരു രാജ്യത്തിന്റേയും വളര്‍ച്ചയുടെ അടിസ്ഥാനം മാനവ വിഭവശേഷിയാണ്. ഇന്ത്യയില്‍ യുവജനങ്ങളുടെ പങ്കാളിത്തം (14നും 25നും ഇടയില്‍ പ്രായമുള്ളവര്‍) വളരെ കൂടുതലുമാണ്. വര്‍ധിച്ച ഈ യുവജന കരുത്തത് രാഷ്ട്രനിര്‍മിതിക്ക് ഉപയോഗപ്പെടുത്താനായാല്‍ നമുക്ക് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും തൊഴിലില്ലായ്മ തന്നെയാണ്. തൊഴിലില്ലായ്മക്ക് പരിഹാരം കാണുകയും യുവജനങ്ങളുടെ ക്രയശേഷി ഉപയോഗപ്പെടുത്താനും നടപടികള്‍ ഉണ്ടാകണം.

ഇന്ത്യയുടെ ഗ്രാമീണ മേഖലകള്‍ ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്. രാജ്യത്തെ എല്ലാ വീടുകളിലും മൊബൈല്‍ ഫോണുകള്‍ ഉണ്ടെന്നതും ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 100 കോടി കവിയുമെന്നതും ശുഭോഭര്‍ക്കമാണ്. എന്നാല്‍ പട്ടിണിരാജ്യങ്ങളുടെ ഗ്രേഡിങ്ങില്‍ ഇന്ത്യയുടെ അവസ്ഥ വളരെ ഖേദകരമാണ്. പ്രകൃതി സമ്പത്തും കാര്‍ഷിക മേഖലയും സമ്പുഷ്ടമായ രാജ്യത്തിന്റെ വിഭവങ്ങള്‍ നീതിപൂര്‍വ്വകമായി വിതരണം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഈ വെല്ലുവിളി നമുക്ക് മറികടക്കാനാകും. രാജ്യം കാര്‍ഷിക രാജ്യമാണെന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരുടെ ക്ഷേമവും കാര്‍ഷിക പുരോഗതിയും ലക്ഷ്യമിട്ട് വലിയ പദ്ധതികള്‍ കൃത്യമായി നടപ്പാക്കപ്പെടണം.

തൊഴിലാളികളുടെ അടിസ്ഥാന വേതനത്തില്‍ കേരളമുള്‍പ്പെടെ ചുരുക്കം ചില സംസ്ഥാനങ്ങളൊഴിച്ച് ഇപ്പോഴും ആശാവഹമായല്ല കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. മിനിമം കൂലി ഉറപ്പിക്കാനും സ്ത്രീകളുടെ വരുമാനം വര്‍ധിപ്പിക്കാനും കര്‍മപദ്ധതികളുണ്ടാകണം. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി ചൈന നേരിടുന്ന വലിയ പ്രശ്‌നങ്ങള്‍ ലോകത്തിന് മുന്‍പിലുണ്ട്. ജനസംഖ്യ നിയന്ത്രണ സങ്കല്‍പ്പം തന്നെയാണ് ചൈന അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നവും. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച മാല്‍ത്തുസിയന്‍ സിദ്ധാന്തവും നമ്മുടെ രാജ്യത്തിന്റെ ഭാഗമായി പരിശോധിക്കുമ്പോള്‍ പരാജയപ്പെട്ടതായി മനസിലാക്കാം. രാജ്യത്തെ യുവജന-വനിതാ സാധ്യതകളെ ഉപയോഗപ്പെടുത്തുകയും അടിസ്ഥാന വികസനം ഉറപ്പാക്കുകയും കൃഷി, സയന്‍സ് ആന്റ് ടെക്‌നോളജി മേഖലകളുടെ നവീകരണം വഴി നമുക്ക് ലഭിച്ച ഈ അവസരം രാജ്യ പുരോഗതിക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കണം.

Share

Leave a Reply

Your email address will not be published. Required fields are marked *