ശ്രേയാംസ് കുമാര്‍ എല്‍.ജെ.ഡി എന്ന പേരുപയോഗിക്കുന്നത് പൊതുസമൂഹത്തോടുള്ള  വഞ്ചന: രാഷ്ട്രീയ ജനതാദള്‍

ശ്രേയാംസ് കുമാര്‍ എല്‍.ജെ.ഡി എന്ന പേരുപയോഗിക്കുന്നത് പൊതുസമൂഹത്തോടുള്ള വഞ്ചന: രാഷ്ട്രീയ ജനതാദള്‍

കോഴിക്കോട്: 2022 മാര്‍ച്ച് 20ന് ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) രാഷ്ട്രീയ ജനതാദളില്‍ ലയിച്ചതോടുകൂടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകളില്‍ ലോക്താന്ത്രിക് ജനതാദള്‍ എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇല്ലാതായിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പരിശോധിച്ചാല്‍ ലോക്താന്ത്രിക് ജനതാദള്‍ എന്ന പാര്‍ട്ടി അന്തരിച്ച നേതാവ് ശരത് യാദവ് 2018 മെയ് മാസത്തില്‍ രൂപീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ജനതാദള്‍ (യു) എന്ന രാഷ്ട്രീയ പ്രസ്ഥാനം 2018ല്‍ ബീഹാറില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ഭരണം പങ്കിടാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ശരത് യാദവിന്റെ നേതൃത്വത്തില്‍ ലോക്താന്ത്രിക് ജനതാദള്‍ എന്ന പാര്‍ട്ടി രൂപീകരിച്ചത്. 2022 മാര്‍ച്ച് ഇരുപതിന് പ്രസ്തുത പാര്‍ട്ടി രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി)യില്‍ ലയിച്ചതോടുകൂടി ആ രാഷ്ട്രീയ പ്രസ്ഥാനം ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. പ്രസ്തുത ലയന കാര്യത്തില്‍ ആരും തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് ഏതെങ്കിലും തരത്തിലുള്ള പരാതി നല്‍കുകയോ എതിര്‍പ്പറിയിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ എല്‍.ജെ.ഡി സ്ഥാനാര്‍ഥിയായി ജയിച്ച കെ.പി മോഹനനടക്കം 2018 സെപ്റ്റംബര്‍ മാസത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എല്ലാവരും ഇപ്പോള്‍ ആര്‍.ജെ.ഡിയുടെ ഭാഗമാണ്.

ഈ സാഹചര്യത്തില്‍ ആര്‍.ജെ.ഡിയുടെ സംസ്ഥാന കമ്മിറ്റി നല്‍കുന്ന നിര്‍ദേശങ്ങളും വിപ്പുകളും അനുസരിക്കുവാനും അത് പ്രകാരം നിയമസഭയിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പാര്‍ട്ടി നയമനുസരിച്ച് രാഷ്ട്രീയ നിലപാടും ബന്ധപ്പെട്ട മേഖലകളില്‍ വോട്ടെടുപ്പിലും പങ്കെടുത്തുകൊണ്ട് പാര്‍ട്ടിയെ അനുസരിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അംഗങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുവാനുള്ള അധികാരം പാര്‍ട്ടി ദേശീയ കമ്മിറ്റി, സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ടെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു പഴയചിറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍.ജെ.ഡി എന്ന പേര് നിയമപ്രകാരം ഉപയോഗിക്കുവാന്‍ ആര്‍ക്കും അധികാരമില്ലാത്തതിനാല്‍ ആ പേര് ഉപയോഗിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത്
ജനങ്ങളോടുള്ള ചതിയും വഞ്ചനയും ആണ്. ഈ വഞ്ചന ഇനിയും തുടര്‍ന്നാല്‍ വഞ്ചനാകുറ്റത്തിന് ക്രിമിനല്‍ കേസെടുക്കുവാനുള്ള നിയമപരമായ മാര്‍ഗം സ്വീകരിക്കും.

രാഷ്ട്രീയ ജനതാദളിന്റെ ഭാഗമായിരിക്കുന്ന കെ.പി. മോഹനന്‍ എം.എല്‍.എയും മറ്റ് തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങളും പാര്‍ട്ടിയുടെ രാഷ്ട്രീയ തീരുമാനത്തോട് സഹകരിക്കാതിരുന്നാല്‍ അവരെ അയോഗ്യരാക്കുന്നതടക്കമുള്ള നടപടികളിലേക്ക് പാര്‍ട്ടി കടക്കും. ജനപ്രാതിനിധ്യ നിയമത്തിലെ പാര്‍ട്ട് (2) പ്രകാരമുള്ള അയോഗ്യത നടപടികള്‍ക്ക് കെ.പി. മോഹനന്‍ എം.എല്‍.എയെ വിധേയനാക്കാന്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റിക്ക് അധികാരമുള്ളതും അപ്രകാരം തീരുമാനിച്ചിട്ടുള്ളതുമാണ്. കേരള നിയമസഭയില്‍ ഇനി വരുന്ന വോട്ടെടുപ്പുകളില്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ആര്‍.ജെ.ഡി സംസ്ഥാന കമ്മിറ്റി കെ.പി മോഹനനോട് ആവശ്യപ്പെടുന്നതാണ്. അപ്രകാരമുള്ള വിപ്പ് ലംഘിക്കുന്ന പക്ഷം അദ്ദേഹത്തെ അയോഗ്യനാക്കുന്നതും പ്രസ്തുത വിവരം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സി.കെ സഹജനും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *