കോഴിക്കോട്: വരയുടെ അൻപതാണ്ടുകൾ പിന്നിട്ട ആർട്ടിസ്റ്റ് സഗീറിനെ നാല് ദിവസം നിണ്ട് നിൽക്കുന്ന വിവിധ പരിപാടികളിലൂടെ കോഴിക്കോട് വെച്ച് ആദരിക്കും. കൊമേർസ്യൽ ആർട്ടിൽ തുടങ്ങി ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ഇല്ലസ്‌ട്രേഷൻ, കാർട്ടൂൺ, കാരിക്കേച്ചർ, പെയിന്റിങ്ങ്, ബുക്ക് കവർ ഡിസൈനിങ്ങ് തുടങ്ങി വരയുടെ വിവിധ മേഖലകളിൽ തന്റേതായ ഇടം നേടിയ കലാകാരനാണ് സഗീർ.
മഞ്ചേരിയിലെ കേരള ആർട്ട് ആന്റ് ലിറ്ററേച്ചർ (കല) എന്ന കൂട്ടായ്മയാണ് മാർച്ച് ആദ്യവാരം കോഴിക്കോട് വെച്ച് ‘വരയുടെ അരനൂറ്റാണ്ട്’ എന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. മാർച്ച് രണ്ട് ചൊവ്വാഴ്ച 3 മണിക്ക് ആർട്ട് ഗാലറി പരിസരത്ത് പരിപാടിയുടെ ഉദ്ഘാടന കർമ്മം പോൾ കല്ലാനോട് നിർവ്വഹിക്കും. രണ്ട് നാൾ നീണ്ടു നിൽക്കുന്ന ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യുന്നത് ചിത്രകാരി കബിത മുഖോപാധ്യായയാണ്.സഗീർ രചിച്ച ഗൾഫുംപടി പി ഒ എന്ന ഗ്രാഫിക് നോവലിന്റെ പുതിയ പതിപ്പ് കാർട്ടൂണിസ്റ്റ് ഇ.പി.ഉണ്ണി, കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് നൽകി പ്രകാശനം ചെയ്യും. പി.സുരേന്ദ്രൻ പുസ്തക പരിചയം നടത്തും. മാർച്ച് 3ന് സഗീറുമായി സംവദിക്കും. വരച്ചും വർത്തമാനം പറഞ്ഞും സഗീറുമായി സംവദിക്കുന്ന വരയാദരം പരിപാടിയിൽ ചിത്രകാരന്മാരായ മദനൻ, ദയാനന്ദൻ മാസ്റ്റർ, ജോഷി പേരാമ്പ്ര, സുധീർനാഥ്, അനൂപ് രാധാകൃഷ്ണൻ, സുനിൽ അശോകപുരം തുടങ്ങി മുപ്പതോളം കാർട്ടൂണിസ്റ്റുകളും ചിത്രകാരന്മാരും പങ്കെടുക്കും.
മാർച്ച് 4 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ടൗൺഹാളിൽ മെഹ്ഫിൽ അരങ്ങേറും. മുഹ്‌സിൻ കുരിക്കളും സംഘവും ഒരുക്കുന്ന മെഹ്ഫിലിൽ എം.എസ്.ബാബുരാജിന്റെ പേരമകൾ നിമിഷ സലീം മുഖ്യ ഗായികയായിരിക്കും.
മാർച്ച് 5 വെള്ളിയാഴ്ച മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ആർട്ടിസ്റ്റ് സഗീറിനെ ആദരിക്കും. ചടങ്ങിൽ കെ.എൻ.കാദർ എം.എൽ.എ, അഡ്വ.സി.ശ്രീധരൻ നായർ, കമാൽ വരദൂർ, വഖഫ് ബോർഡ് സിഇഒ ബി.എം.ജമാൽ, ഹൈദരലി മന്നയിൽ തുടങ്ങിയവർ സംബന്ധിക്കും.