കോഴിക്കോട്: മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ആയുസ്സ് 200 എങ്കിലും ആക്കിയാലേ സ്റ്റേറ്റിന്റെ മറ്റ് ഭാഗങ്ങളില്‍ സമാന തസ്തികയില്‍ ജോലിചെയ്യുന്നവരുടെ ആനുകൂല്യം ലഭിക്കൂ എന്നും അതിന് ദൈവത്തെ തപസ്സ് ചെയ്ത് വരം മേടിക്കേണ്ടി വരുമെന്നും മലബാറിലെ ക്ഷേത്രജീവനക്കാരുടെ സംയുക്തസമരസമിതി ചെയര്‍മാന്‍ രാമകൃഷ്ണഹരി നമ്പൂതിരി.
ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മരീചികയായി മാറുന്നതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച തോറും മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ സംയുക്ത സമരസമിതി മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി ഇന്ന് നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം 108 വയസ്സുള്ള ഒരു പാരമ്പര്യ ജീവനക്കാരി മരണപ്പെട്ടിരുന്നു. 2017 ല്‍ 102 വയസ്സില്‍ ജോലി ചെയ്ത് വേതനം കിട്ടാത്ത വാര്‍ത്ത കണ്ട് ഹൈക്കോടതി സ്വമേധയാ കേസ്സ് എടുത്ത് മാസാമാസം വേതനം ലഭിച്ചിരുന്നു.
എന്നാല്‍ അവര്‍ പോലും വലീയ വരുമാനമുള്ള ക്ഷേത്രത്തിലല്ലാത്തതിനാല്‍ രണ്ട് വര്‍ഷം മുന്‍പ് ഒഴിവായി. 1.1.2019 മുതല്‍ പ്രാബല്യത്തിലുള്ള പുതീയ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെയാണ് ഈ ലോകത്തോട് വിട പറഞ്ഞത്. മറ്റ് നിലവിലുള്ള ജീവനക്കാരുടെ ഗതിയും ഇതാവരുത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ സംയുക്ത സമരസമിതി ജോയിന്റ് കണ്‍വീനര്‍ എം .വി .ശശി അദ്ധ്യക്ഷത വഹിച്ചു . പി.ശ്രീജിഷ് , വിനോദ്കുമാര്‍ നമ്പീശന്‍, ഗിരിധരന്‍ രാമനാട്ടുകര, വി.ഷാജി എന്നിവര്‍ സംസാരിച്ചു.