ന്യൂഡല്‍ഹി: കാണാതായെന്ന പരാതിക്കും അഭ്യൂഹങ്ങള്‍ക്കും പിന്നാലെ തനിക്ക് ബിജെപിയിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ്. ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ മുകുള്‍ റോയ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലാണ് മനസ്സ് തുറന്നത്.
ഞാനൊരു ബി.ജെ.പി നിയമസഭാംഗമാണ്. എനിക്ക് ബി.ജെ.പി.ക്കൊപ്പം നില്‍ക്കണം. അമിത് ഷായെയും ജെ.പി. നദ്ദയുമായി സംസാരിക്കാന്‍ ആഗ്രഹമുണ്ട് മുകുള്‍ റോയ് പറഞ്ഞു.
അതേസമയം, പിതാവിന് മറവിരോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ഉണ്ടെന്ന് മകന്‍ പറഞ്ഞു. പിതാവ് ശരിയായ മാനസികാവസ്ഥയിലല്ല. സുഖമില്ലാത്ത ഒരാളുമായി രാഷ്ട്രീയം കളിക്കരുതെന്നും മകന്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ മാസം ശസ്ത്രക്രിയക്ക് വിധേയനായെന്നും കുടുംബാംഗങ്ങളെയും അടുത്ത കൂട്ടുകാരെയും പോലും തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും മകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുകുള്‍ റോയിയെ കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയിരുന്നു.
ഈ അവസരത്തിലാണ് മുകുള്‍റോയ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ടി. എം. സിയുടെ സ്ഥാപക നേതാവായ മുകുള്‍ റോയ് 2017ല്‍ ബി. ജെ. പിയില്‍ ചേര്‍ന്നു. 2021ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി. ജെ. പി സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. എന്നാല്‍, എം. എല്‍. എ സ്ഥാനം രാജിവെക്കാതെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ആരോഗ്യപ്രശ്‌നങ്ങളാല്‍ കുറച്ചുകാലം വിശ്രമത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവെന്നും രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും മുകുള്‍ റോയ് വ്യക്തമാക്കി. മുകുള്‍ റോയ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമാണ് പ്രതീക്ഷയെന്നും കുറച്ച് ദിവസങ്ങള്‍ കാത്തിരിക്കണമെന്നുമായിരുന്നു ബി. ജെ. പിയുടെ പ്രതികരണം.