വയോധിക മാതാവ്

  • അമ്മയല്ലോയിതമ്മയല്ലോ?
    ആലയ ദീപമായി ശോഭിച്ചോളല്ലോ?
    പതിദേവന് തുണയായിരുന്നോൾ
    പരിദേവനങ്ങളില്ലായിരുന്നോൾ
    നാലരുമക്കിടാങ്ങൾക്കു ജന്മം നൽകി
    സദ്ഗുണങ്ങൾ പകർന്നു നൽകി
    ആമോദം പങ്കുവെച്ചും സന്താപത്തി-
    ലടിയുറച്ചും തൻ ധർമ്മം പാലിച്ചും
    സുഖ ദു:ഖങ്ങൾ സ്വയം സഹിച്ചും
    സുതരുടെ മേൽ പൂഞ്ചിറകു വിരിച്ചും
    പുഷ്പിച്ചു നിന്നോരു തരുവായിരുന്നോൾ – സ്‌നേഹം
    പൂന്തേനായി ചൊരിഞ്ഞിരുന്നോൾ
    കുടുംബത്തിന് ശീതളഛായയായിരുന്നവൾ
    കുട്ടിക്കലഹങ്ങൾക്ക് കോടതിയായിരുന്നവൾ
    തനയർ വളർന്നതിൽ ധന്യയായവൾ
    തൻകാര്യ പ്രാപ്തരായതിലഭിമാനിച്ചവൾ.
    മക്കളും മരുമക്കളും ചെറുമക്കളു-
    മടങ്ങും ഗേഹത്തെ സങ്കൽപിച്ചവൾ
    അവരുടെ സ്‌നേഹ വായ്പുകൾ കൊതിച്ച്
    അതിരില്ലാതെ കിനാവു കണ്ടിരിക്കവേ
    കുടുംബം നാലായി മുറിച്ചു തനയർ
    കുറ്റമറ്റ സമ്പത്തും സ്വായത്തമാക്കി.
    തായി തന്തമാരെ പങ്കുവെക്കുവാനാകാതെ
    തനിച്ചാക്കി പിരിഞ്ഞു പോയവർ.
    വിരൽതുമ്പിലിഹത്തെ കീഴടക്കിയോർ
    വയോധികരുടെ നേരെ മിഴികളടച്ചു.
    സന്താനങ്ങളുടെ അധർമ്മത്തിൽ മനംനൊന്ത്
    സഹയാത്രികനാം പതിയും മൺമറഞ്ഞു.
    ഏകയായി അവശയായിത്തീർന്നവളെ
    ഏകാന്തമായൊരു അറയിലൊതുക്കി.
    മാറാവലയും കീടങ്ങളും സഹവാസികൾ
    മുറിയിൽ നിറയും പൊടിപടലങ്ങൾ
    അലങ്കാരങ്ങളായി നിറഞ്ഞൊരു
    അറയിൽ ദിന രാത്രങ്ങൾ കൊഴിയുന്നൂ
    കാഴ്ചയും കേൾവിയും കൈവെടിഞ്ഞൂ
    കാലം മേനിയെ വൈകൃതമാക്കി.
    കനിവോടെ മക്കൾ അയയ്ക്കുമൽപ ഭോജനം
    കഴിപ്പാൻ മാർജാര, ശ്വാന സന്തതികൾ
    തുണയേകും ഗോഹത്തിൽ വാഴും
    തൃണമായി മാറിയഹോ അമ്മയും!!
    സന്താനവതിയാമൊരമ്മതൻ ജീവിത
    സായാഹ്നമീ പടുതിയിലായല്ലോ?
    മാതാവിൻ കാൽചുവട്ടിലിരിക്കും
    മക്കൾതൻ സ്വർഗ്ഗത്തെ മറന്നിടാമോ മാളോരേ?!!
  • പി.ഹാജിറബായി
    തിരുവനന്തപുരം

Share

Leave a Reply

Your email address will not be published. Required fields are marked *