തിരുവനന്തപുരം: മില്‍മ പാലിന്റെ വില സംസ്ഥാനത്ത് വീണ്ടും കൂടും. നാളെ മുതലാണ് വില വര്‍ധന നിലവില്‍ വരിക. പച്ച, മഞ്ഞ കവറുകളിലുള്ളവയ്ക്കാണ് വില വര്‍ധിക്കുക. 29 രൂപയായിരുന്ന മില്‍മ റിച്ചിന് 31 രൂപയാകും. 24 രൂപയുടെ മില്‍മ സ്മാര്‍ട്ടിന് 25 രൂപയാകും. അതേസമയം ഏറെ ആവശ്യക്കാരുള്ള നീല കവര്‍ പാലിന് വില കൂടില്ല. രണ്ടു മാസം മുന്‍പ് നീല കവര്‍ പാലിന് വില കൂട്ടിയിരുന്നു. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
മില്‍മ റിച്ച് കവറും മില്‍മ സ്മാര്‍ട് കവറും വിറ്റ് പോകുന്നത് മൊത്തം വില്‍പനയുടെ അഞ്ച് ശതമാനം മാത്രമാണ്. അതേസമയം മില്‍മ പാലിന്റെ വില കൂട്ടിയത് അറിയിച്ചിട്ടില്ലെന്നും ഒരു വിവരവും അറിയിക്കാതെ പെട്ടന്നാണ് വില വര്‍ധിപ്പിച്ചതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.വില വര്‍ധിപ്പിച്ചതിനെ കുറിച്ച് മില്‍മയോട് വിശദീകരണം തേടുമെന്ന് മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
റീപൊസിഷനിംഗ് മില്‍മ എന്ന പുതിയ പദ്ധതിയും മില്‍മയില്‍ ഉദ്ഘാടനം ചെയ്യുന്നുണ്ട്. ബ്രാന്‍ഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിംഗ്, ഡിസൈന്‍, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പാല്‍ സംഭരണത്തില്‍ അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. വര്‍ധിച്ചു വരുന്ന ചൂട് മൂലമാണ് പാല്‍ സംഭരണത്തില്‍ കുറവുണ്ടായത്. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായിരുന്നത്.