അഭ്യൂഹങ്ങള്‍ക്കിടെ മുകുള്‍ റോയി ഡല്‍ഹിയില്‍ ; അവ്യക്തത തുടരുന്നു

അഭ്യൂഹങ്ങള്‍ക്കിടെ മുകുള്‍ റോയി ഡല്‍ഹിയില്‍ ; അവ്യക്തത തുടരുന്നു

ന്യൂഡല്‍ഹി: തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന പരാതിക്കു പിന്നാലെ അദ്ദേഹം തിങ്കളാഴ്ച രാത്രി ഡല്‍ഹിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. അദ്ദേഹം ഡല്‍ഹിയിലേക്ക് പോയതാണെന്നും പിന്നീട് ബന്ധപ്പെടാനാവുന്നില്ലെന്നുമായിരുന്നു മകന്‍ സുഭ്രഗ്ഷു റോയി പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. മുകുള്‍ റോയിയെ കാണാനില്ലെന്ന് അഭ്യൂഹങ്ങള്‍ ഇത്തരത്തില്‍ ശക്തമായതിനിടെയാണ് അദ്ദേഹം ഡല്‍ഹിലെത്തിയതായി ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

മുകുള്‍ റോയിയെ ഡല്‍ഹി വിമാനത്താവളത്തില്‍ കണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത എന്‍. ഡി. ടി.വി മാധ്യമപ്രവര്‍ത്തകനോട് എനിക്ക് ഡല്‍ഹിയില്‍ ജോലിയുണ്ടെന്നും അതെന്താ എനിക്ക് ഇങ്ങോട്ട് വന്നുകൂടെ? എന്നും അദ്ദേഹം മറുപടി പറഞ്ഞതായാണ് സുചന. അസുഖബാധിതനായിരുന്നോ എന്ന ചോദ്യത്തിന് അല്ല, എനിക്കിവിടെ ഒരു പ്രത്യേക ജോലിയുണ്ട്. ഞാന്‍ എം. എല്‍. എ അല്ലേ എന്നും മുന്‍ എംപിയായ മുകുള്‍ റോയി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രത്യേക രാഷ്ട്രീയലക്ഷ്യത്തോടെയാണ് ഈ വരവെന്ന അഭ്യൂഹം മുകുള്‍ റോയി നിരസിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര ഭിന്നതയെ തുടര്‍ന്ന് 2017ല്‍ ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് 2021ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് മുതല്‍ അദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടിയാണ് മകന്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. കൊല്‍ക്കത്ത എന്‍ എസ് സി ബി ഐ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. അതേസമയം, മുകുള്‍ റോയിയും മകനും തമ്മില്‍ ഭിന്നതയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ഇത് കുടുംബ പ്രശ്‌നമാണോ രാഷ്ട്രീയ പ്രശ്‌നമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *