തിരുവനന്തപുരം: ജോലിയില്‍ കയറി ഒന്നര വര്‍ഷം പിന്നിട്ടിട്ടും ന്യായമായി ലഭിക്കേണ്ട ശമ്പളവും ആനുകൂല്യവും നല്‍കാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രൈമറി പ്രധാനാധ്യാപകരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കേരള ഗവ: പ്രൈമറി ഹെഡ്മാസ്റ്റേര്‍സ് അസോസിയേഷന്‍ (കെ.ജി.പി.എസ്.എച്ച്.എ) തിരുവനനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയില്‍ വിഷു ദിനത്തില്‍ നടത്തിയ സത്യഗ്രഹ പട്ടിണി സമരം ഐതിഹാസികമായി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നായി വിഷു ദിന ആഘോഷവും ആഹാരവും ഉപേക്ഷിച്ച് അഞ്ഞൂറോളം വരുന്ന സര്‍ക്കാര്‍ ഹെഡ്മാസ്റ്റര്‍മാര്‍മാരാണ് ഗാന്ധിജിയുടെ സമരമുറയായ സത്യാഗ്രഹത്തിന്റെ വഴി സ്വീകരിച്ച് സമരത്തിന് ഇറങ്ങിയത്. അര്‍ഹമായ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്നും നീതി പുലരും വരെ പോരാട്ട സമരവുമായി മുന്നോട്ട് പോകുമെനും സമരക്കാര്‍ പ്രഖ്യാപിച്ചു.
കെ.ജി.പി.എസ്.എച്ച്.എ സംസ്ഥാന ജന: സെക്രട്ടറി ഇ. ടി. കെ. ഇസ്മായില്‍ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. എയ്ഡഡ് സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് ശമ്പള സ്‌കെയില്‍ നല്‍കുകയും പി.എസ്. സി വഴി സര്‍വീസില്‍ കയറിയവര്‍ക്ക് നിഷേധിക്കുകയും ചെയ്യുന്ന അനീതി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. വര്‍ധിച്ച ജോലിഭാരം കൊണ്ട് വീര്‍പ്പ് മുട്ടുന്ന പ്രൈമറി പ്രഥമാധ്യാപകര്‍ ജോലി ചെയ്ത ശമ്പളത്തിനായി വിഷു ദിനം ഉപേക്ഷിച്ച് തെരുവില്‍ അലയേണ്ടി വന്നത് ഖേദകരമാണെന്നും സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ വി എല്‍ദോ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ. മുഹമ്മദ് സാലിം, വി. നാരായണന്‍, എസ.് എസ്. ഷൈന്‍, സിബി അഗസ്റ്റിന്‍, ആര്‍. സുരേഷ് കുമാര്‍ എന്നിവരും വിവിധ ജില്ലാ ഭാരവാഹികളും പ്രസംഗിച്ചു.