പ്ലീസ് മോദിജീ ഞങ്ങള്‍ക്കായി ഒരു നല്ല സ്‌കൂളുണ്ടാക്കുക:  കത്വ പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍

പ്ലീസ് മോദിജീ ഞങ്ങള്‍ക്കായി ഒരു നല്ല സ്‌കൂളുണ്ടാക്കുക:  കത്വ പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍

കത്വ:  കശ്മീരിലെ കത്വയിലെ ലോഹായി മല്‍ഹാര്‍ ഗ്രാമത്തില്‍ നിന്നുള്ള സീറത് നാസ് എന്ന പെണ്‍കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മികച്ച പഠനസൗകര്യത്തിനായി അവള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് കേണപേക്ഷിക്കുന്നത്. സ്‌കൂളിന്റെ ശോച്യാവസ്ഥയില്‍ മനം മടുത്താണ് സീറത് ഈ വീഡിയോ തയ്യാറാക്കിയത്. സ്‌കൂളിലെ അസൗകര്യങ്ങളെക്കുറിച്ചും ക്ലാസില്‍ സഹപാഠികള്‍ക്കൊപ്പം വൃത്തിഹീനമായ തറയില്‍ ഇരിക്കേണ്ടി വരുന്നതുമെല്ലാം അവള്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

കത്വയിലെ പ്രാദേശിക സ്‌കൂളില്‍ പഠിക്കുന്ന സീറത് നാസ് അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ തുടങ്ങുന്നത് സ്വയം പരിചയപ്പെടുത്തിയാണ്. തുടര്‍ന്ന് കോമ്പൗണ്ടിലൂടെ നടന്ന് അവള്‍ സ്‌കൂളിന്റെ വൃത്തിഹീനമായ പശ്ചാത്തലം വിശദീകരിക്കുന്നുണ്ട്. മോദിജീ, എനിക്ക് താങ്കളോട് ഒരു കാര്യം പറയാനുണ്ടെന്ന പറഞ്ഞ് തുടങ്ങുന്ന വീഡിയോയില്‍ അവള്‍ വൃത്തിഹീനമായ നിലവും പ്രിന്‍സിപ്പലിന്റെ ഓഫീസും സ്റ്റാഫ്‌റൂമും കാണിക്കുന്നു. സ്‌കൂളിലെ ഏറ്റവും വലിയ കെട്ടിടമെന്ന് പരിചയപ്പെടുത്തി പണിതീരാത്ത ഒരു കെട്ടിടം കാണിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി അറ്റകുറ്റപ്പണികള്‍ നടത്താതെ വൃത്തിയാക്കാത്ത സ്‌കൂളിന്റെ ശോച്യാവസ്ഥ അവള്‍ വീഡിയോയില്‍ വിവരിക്കുന്നു. സഹപാഠികള്‍ക്കൊപ്പം നിലത്താണിരിക്കുന്നതെന്നും അത് കാരണം യൂനിഫോമില്‍ അഴുക്കുനിറയുന്നതിന് വീട്ടില്‍ അമ്മമാര്‍ വഴക്കുപറയുന്നുവെന്നും തങ്ങള്‍ക്ക് ഇരിക്കാന്‍ ബെഞ്ചുകളില്ലെന്നും സീറത് പറയുന്നു. പ്രധാനമന്ത്രീ അങ്ങ് ഞങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ സ്‌കൂള്‍ പണിതുതരണമെന്ന് അവള്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *