കോഴിക്കോട്: ചില ആളുകളോട് ഒറ്റനോട്ടത്തില്‍ അടുപ്പവും സ്നേഹവും തോന്നുമെന്നും അത്തരം ഒരു വ്യക്തിത്വമായിരുന്നു ഡോ.പി.എ ലളിതയെന്ന് സാഹിത്യകാരന് എം.മുകുന്ദന് പറഞ്ഞു. ഇത്തരം വ്യക്തികളെ പരിചയപ്പെടുമ്പോള്‍ മുന്പരിചയമുള്ളതുപോലെ തോന്നും. അക്ഷരാര്ച്ചനയും സ്റ്റെതസ്കോപ്പും ഒരുപോലെ ചേര്‍ത്ത്പ്പിടിച്ച ഡോക്ടറായിരുന്നു അവര്‍. രോഗാവസ്ഥയിലും അവര്‍ സര്‍ഗാത്മകതയെ ഉയര്‍ത്തിപിടിച്ചു. പി.എ ലളിതയുടെ പേരില്‍ എരഞ്ഞിപ്പാലത്തെ മലബാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍സ് ഡോക്ടര്‍മാരിലെ മികച്ച എഴുത്തുകാര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിയറ്റിന് സ്പാനിഷ് ഫ്ളൂ പിടിച്ച കാലത്താണ് വിശ്വപ്രസിദ്ധമായ കൃതി രൂപം കൊള്ളുന്നത്.
തന്റെ ബാല്യകാലത്തെ രോഗാവസ്ഥയും എം. മുകുന്ദന് ഓര്‍ത്തെടുത്തു. കുട്ടിക്കാലത്ത് രോഗിയായി സ്കൂളില്‍ പോകാന്‍ സാധിക്കാതെ റൂമിനകത്ത് അടച്ചിരുന്നപ്പോള്‍ അനുഭവിച്ച ഏകാന്തകയും ലോകത്തെ ജാലകത്തിലൂടെ നോക്കി കണ്ടതും പില്ക്കാല എഴുത്ത് ജീവിതത്തിന് വഴിവിളക്കായതും അദ്ദേഹം പങ്കുവച്ചു. ഡോക്ടര്‍മാര്‍ക്കിടയിലും സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുക്കാരുണ്ട്. എഴുതാനുള്ള ആഗ്രഹമുണ്ടെങ്കില്‍ എഴുതും. ആഗ്രഹത്തെ ജ്വലിപ്പിക്കണം. ഡോക്ടര്‍മാര്‍ ജീവിക്കുന്നത് സംഘര്‍ഷങ്ങള്‍ക്കിടയിലാണ്. അവര്‍ക്ക് സര്‍ഗാത്മക പ്രവര്‍ത്തനം ആവശ്യമാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ പുസ്തകവായന ഉപകരിക്കും. നമ്മുടെ ധൃതിപിടിച്ച ഓട്ടത്തിന് കടിഞ്ഞാണിടാനും പുസ്തകവായന മറുമരുന്നാണ്. നന്മയുള്ള വാര്‍ത്തകളും പുസ്തകങ്ങളും സമൂഹത്തില്‍ മുന്‍കൈ നേടിയാല്‍ ഒരു ഡോക്ടര്‍മാരും ആക്രമിക്കപ്പെടില്ല. നാം നന്മ അന്വേഷിക്കുന്നുണ്ടെങ്കില്‍ നല്ല പുസ്തകങ്ങള്‍ വായിക്കണം. നല്ല വായനയിലൂടെ സ്നേഹത്തിന്റേയും നന്മയുടേയും ലോകം സൃഷ്ടിക്കാന്‍ നമുക്കാവട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.
മലബാര്‍ ഹോസ്പിറ്റല്‍സ് എം.ഡി ഡോ.മിലി മണി അവാര്‍ഡ് പ്രഖ്യാപനം നടത്തി. 50,000 രൂപയുടെ പുരസ്കാരം ഡോ.എന്‍.സുബ്രഹ്മണ്യന് സാഹിത്യ വിഭാഗത്തിലും ഡോ.ബി.ഇക്ബാലിന് വൈജ്ഞാനിക വിഭാഗത്തിലും നല്കി. സാഹിത്യ വിഭാഗത്തില്‍ ഡോ.പി.ടി നാസര്‍, ഡോ.ടി.പി മെഹ്റൂഫ് രാജ്
എന്നിവര്‍ക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് (5000 രൂപ) ലഭിച്ചു. വൈജ്ഞാനിക വിഭാഗത്തില്‍ ഡോ.ഷമ്ന അസീസ്, ഡോ.അരുണ്‍ ബി.നായര്‍
എന്നിവര്‍ക്കും സ്പെഷ്യല്‍ ജൂറി അവാര്‍ഡ് (5000 രൂപ) ലഭിച്ചു. യാത്രാവിവരണം വിഭാഗത്തില്‍ ഡോ.മിത്ര സതീഷ് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് (5000 രൂപ) കരസ്ഥമാക്കി. ഡോ.പി.എ ലളിതയുടെ ആദ്യ പുസ്തകമായ ‘മനസ്സിലെ കൈയ്യൊപ്പ്’ മേയര്‍ ബീന ഫിലിപ് പുനഃപ്രകാശനം ചെയ്തു. എഴുത്തുകാരി കെ.പി സുധീരയാണ് പുസ്തകം ഏറ്റുവാങ്ങിയത്. എം.കെ രാഘവന് എം.പി, എ.സജീവന്, ഡോ. കോളിന് ജോസഫ്, ഡോ.വി.എന്‍ മണി, കമാല്‍ വരദൂര്‍, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.ബി.വേണുഗോപാല്‍, അജയന് കാവുങ്കല്‍ ആനാട്, രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.