‘പ്രതിപക്ഷ ഐക്യം അനിവാര്യം,രാഷ്ട്രീയ കൂട്ടുകെട്ട് സംസ്ഥാന സാഹചര്യങ്ങള്‍ അനുസരിച്ച്’; സീതാറാം യെച്ചൂരി

‘പ്രതിപക്ഷ ഐക്യം അനിവാര്യം,രാഷ്ട്രീയ കൂട്ടുകെട്ട് സംസ്ഥാന സാഹചര്യങ്ങള്‍ അനുസരിച്ച്’; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യസംരക്ഷണത്തിന് പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് സി. പി. ഐ. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2024 ലെ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി യെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പ്രതിപക്ഷ കൂട്ടായ്മയുടെ കണ്‍വീനര്‍ സ്ഥാനം നിതീഷ് കുമാറിന് നല്‍കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം. രാഷ്ട്രീയ കൂട്ടുകെട്ട് സംസ്ഥാന സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സമാനമനസ്‌കരെ ഒരുമിച്ച് നിര്‍ത്തുമെന്നും 2024 ലെതെരഞ്ഞെടുപ്പിനെ എല്ലാവരും ഒരുമിച്ച് നിന്ന് നേരിടണമെന്നും ഖാര്‍ഗെയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ നേതാക്കള്‍ വ്യക്തമാക്കി. ഖാര്‍ഗെയുടെ വസതിയില്‍ നിതീഷ്‌കുമാറും തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും നടത്തിയ ചര്‍ച്ചയില്‍ യു. പി. എ അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടര്‍ന്നുകൊണ്ട് കണ്‍വീനര്‍ സ്ഥാനം നിതീഷിന് നല്‍കാനാണ് ആലോചന. കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുന്നതിന് മുമ്പായി വിവിധ പാര്‍ട്ടി നേതാക്കളെ കാണാനാണ് നിതീഷ് കുമാറിന്റെ തീരുമാനം. രാജ്യത്ത് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുമെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്, ജെഡിയു അദ്ധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിങ്ങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷ സഖ്യം രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് യോഗത്തിന് ശേഷം ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ ചുവടുവെപ്പ് എന്നാണ് രാഹുല്‍ ഗാന്ധി യോഗത്തെ വിശേഷിപ്പിച്ചത്. പ്രതിപക്ഷ സഖ്യം ഒരുമിച്ച് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഖാര്‍ഗെ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിനുള്ള ആദ്യ ഔപചാരിക ശ്രമമാണ് ബുധനാഴ്ച നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും ഫോണ്‍ മുഖേന ചര്‍ച്ച നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഖാര്‍ഗെ അറിയിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *