തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ചൂണ്ടിക്കാട്ടിയുള്ള എന്‍. ഐ. എ റിപ്പോര്‍ട്ടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ഉടന്‍ ഉണ്ടാവുമെന്ന് സൂചന. അനുമതി ഉണ്ടായാലുടന്‍ കേസ് എന്‍. ഐ. എ ഏറ്റെടുക്കും. കേസില്‍ കേരള പൊലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച എന്‍. ഐ. എ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ കോഴിക്കോട് ക്യാമ്പ് ചെയ്യുന്നുമുണ്ട്. തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ലഭിച്ച സാഹചര്യത്തില്‍ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ വിശദ അന്വേഷണം വേണമെന്ന നിലപാടിലാണ് എന്‍. ഐ. എ. പ്രാഥമിക അന്വേഷണം മുതല്‍ പൊലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചു എന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.
പ്രതിയെ പിടികൂടിയിട്ടും കേസില്‍ വഴിത്തിരിവാകുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നില്ലെന്ന പൊലീസിന്റെ വാദം പരിഹാസ്യമാണെന്നും കേന്ദ്ര ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നു. തീവ്രവാദ ബന്ധം സംശയിക്കുന്ന കേസുകളില്‍ പ്രതിയെ ശാസ്ത്രീയമായി ചോദ്യം ചെയ്യണം. ഇതിന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സഹായം തേടാന്‍ പൊലീസ് തയ്യാറായിട്ടില്ല.
പൊലീസിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് സമാന്തരമായാണ് കേന്ദ്ര ഏജന്‍സികള്‍ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് അന്വേഷിക്കുന്നത്.രഹസ്യാന്വേഷണ വിഭാഗത്തിന്റേയും റോയുടേയും സഹായത്തോടെയാണ് എന്‍. ഐ.എ അന്വേഷണം. ഷൊര്‍ണൂരില്‍ എത്തിയ പ്രതിയ്ക്ക് സംസ്ഥാനത്ത് സംരക്ഷണം നല്‍കിയത് ഉള്‍പ്പെടെ നിരവധി പ്രധാനപ്പെട്ട സംശയങ്ങള്‍ക്കാണ് ഇനി ഉത്തരം ലഭിക്കേണ്ടത്.