തിരുവനന്തപുരം: വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഒറ്റനോട്ടത്തില്‍ ആകര്‍ഷകമായി തോന്നുന്ന പദ്ധതിയില്‍ അടിമുടി ദുരൂഹതയും അഴിമതിയുമാണെന്ന് അദ്ദേഹം പറഞ്ഞു. വഴിയോര വിശ്രമ കേന്ദ്രത്തിന് എതിരല്ലെന്നും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയാല്‍ അവരത് പണയം വെച്ച് ഭൂമി അന്യാധീനപ്പെടും എന്നുള്ളതുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തുന്ന തരത്തിലാണ് പുതിയ പദ്ധതി. വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തി നടപ്പാക്കേണ്ട പദ്ധതിയാണ്.സര്‍ക്കാര്‍ ഭൂമിയിലെ ഒരു ക്രയവിക്രയവും റവന്യൂ വകുപ്പ് അറിയാതെ നടത്താന്‍ പാടില്ല എന്ന് ഉത്തരവ് ഉണ്ട്. എന്നാല്‍ ഇത് മറികടന്നാണ് പിഡബ്ല്യുഡി വകുപ്പ് മുന്നോട്ട് പോകുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എതിര്‍പ്പ് അറിയിച്ചപ്പോള്‍ നിര്‍ത്തി വച്ചതാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
‘ബാജി ജോര്‍ജ് ആണ് എം ഡി. ഇയാളെ എങ്ങനെ നിയമിച്ചു എന്ന് വ്യക്തമാക്കണം. ഭൂമി കച്ചവടം തുറന്ന് സമ്മതിക്കുന്നതാണ് താന്‍ നല്‍കിയ തുറന്ന കത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ബ്രഹ്‌മപുരത്തും ഞെളിയന്‍പറമ്പിലും എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി തുടങ്ങിയിട്ടു പോലും ഇല്ല. കരാര്‍ നിലവില്‍ ഉണ്ടോ എന്ന് കോര്‍പ്പറേഷനോ, സര്‍ക്കാരിനോ അറിയില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബ്രഹ്‌മപുരത്തും, ഞെളിയന്‍ പറമ്പിലും ഒരു പ്ലാന്റ് പോലും സ്ഥാപിച്ചിട്ടില്ല. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണ് എന്നത് വ്യക്തമല്ല. ചേര്‍ത്തലയിലും മഞ്ചേശ്വരത്തും ഭൂമിയുടെ വില നിര്‍ണയിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പില്‍ തന്നെയാണ്. ഇത് ഞാന്‍ പുറത്തു കൊണ്ടു വന്ന രേഖയൊന്നുമല്ല. 25-5-22 ലെ മന്ത്രിസഭയിലേക്കുള്ള നടപടിക്കുറിപ്പില്‍ 18-ാം പാരയില്‍ പത്താമത്തെ ഐറ്റത്തില്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, ആലപ്പുഴയിലെ വസ്തുവിന് 45 കോടിയും കാസര്‍ഗോട്ടെ വസ്തുവിന് 7 കോടി 35 ലക്ഷവും നിശ്ചയിച്ചതായി പറയുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ 4-ാം പാരയില്‍ കാസര്‍ഗോഡ് വസ്തുവിന്റെ കമ്പോളവില 5 കോടി 77 ലക്ഷമായി കുറച്ചിരിക്കുന്നു. ഇതിലെല്ലാം വലിയ ദുരൂഹതയാണുള്ളത്.
വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ കേരളത്തിന് അത്യാവശ്യമാണ്. പക്ഷേ ഇവിടെ അതിന്റെ പേര് പറഞ്ഞ് കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തുകയാണ് യഥാര്‍ത്ഥ പരിപാടി. ഈ വസ്തുതകളൊക്കെ പരിഗണിച്ച്, സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തി, സുതാര്യമായി വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനും അതു കൃത്യമായി പരിപാലിക്കാനും സര്‍ക്കാര്‍ തയ്യാറാവണം’, ചെന്നിത്തല ആവശ്യപ്പെട്ടു.