ശ്രീറാം വെങ്കട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനില്‍ക്കും: ഹൈക്കോടതി

ശ്രീറാം വെങ്കട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനില്‍ക്കും: ഹൈക്കോടതി

കൊച്ചി : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുക എന്നത് ഗുരുതരമായ തെറ്റാണെന്ന് കോടതി വ്യക്തമാക്കി. സാധാരണ വാഹനാപകടം എന്ന നിലയില്‍ സംഭവത്തെ കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി നടപടിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സെഷന്‍സ് കോടതി ഉത്തരവ് ഭാഗികമായി റദ്ദാക്കി.

കേസിലെ രണ്ടാം പ്രതി വഫയെ കേസില്‍ നിന്നും ഒഴിവാക്കി. കേസില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഡിസ്ചാര്‍ജ് പെറ്റീഷന്‍ പരിഗണിച്ചാണ് വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കിയത്. ഇവര്‍ക്കെതിരെ ചുമത്തിയ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ശ്രീറാമില്‍ നിന്നും നരഹത്യ കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി ഉത്തരവ് റദാക്കുക, നരഹത്യ കുറ്റം ചുമത്തിയുള്ള കുറ്റവിചാരണക്ക് ഉത്തരവിടുക എന്നിവയായിരുന്നു സെഷന്‍ കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീലിലെ അവശ്യം.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *