ജീവിതത്തിലേക്ക് പുതുവെളിച്ചം

ജീവിതത്തിലേക്ക് പുതുവെളിച്ചം

ഡിസംബർ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. ഈ മാരകമായ അസുഖത്തെ പ്രതിരോധിക്കുന്നതിനും അണുബാധിതരെ സംരക്ഷിക്കുന്നതിനും ഇനിയും ഒരുപാടു കാര്യങ്ങൾ സമൂഹത്തിന് ചെയ്യാനുണ്ടെന്നും ഈ മാനവരാശിയെ ഓർമ്മിപ്പിക്കുന്നു. ജീവിതം ഒരു വരദാനമാണ്. എച്ച്.ഐ.വി അണുബാധ ജീവിതത്തിന്റെ അവസാനമായി കണ്ട് നിരാശപ്പെടേണ്ട കാര്യമില്ല. എ.ആർ.ടി ചികിത്സ ഇവരുടെ ആരോഗ്യകരമായ ജീവിതത്തിന് സഹായകരമാണ്. കുടുതൽ ഫലപ്രദമായി, പരിപൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന മരുന്നുകൾ കണ്ടുപിടിക്കുന്ന യത്‌നത്തിലാണ് ശാസ്ത്രജ്ഞന്മാർ. മാത്രമല്ല, വരുംകാലങ്ങളിൽ ഫലപ്രദമായ വാക്‌സിൻതന്നെ കണ്ടുപിടിച്ചേക്കാം. ശുഭാപ്തി വിശ്വാസവും ശാസ്ത്രീയമായ സമീപനവും അണുബാധിതരെ കൂടുതൽ ആരോഗ്യകരമായി ജീവിക്കാൻ പ്രാപ്തരാക്കട്ടെ. അങ്ങനെ എയ്ഡ്‌സ് മൂലമുള്ള മരണങ്ങളില്ലാത്ത, എച്ച്.ഐ.വി ബാധിതരോട് വിവേചനവും സ്പർദ്ധയുമില്ലാത്ത ഒരു എച്ച്.ഐ.വി ബാധപോലും പുതുതായി റിപ്പോർട്ട് ചെയ്യാത്ത ഒരു. നല്ല നാളേക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.1882 വരെ വൈദ്യശാസ്ത്രത്തിന് കേട്ടറിവ് പോലുമില്ലാത്ത ഒരു പുതിയ രോഗമാണ് എയ്ഡ്‌സ് (Acquired Immune Deficiency Syndrome) ശാസ്ത്രം കൂടുതൽ പുരോഗമിക്കുമ്പോൾ എയ്ഡ്‌സ് രോഗത്തിനെതിരായ പാർശ്വഫലങ്ങൾ കുറഞ്ഞ ചികിത്സാരീതികൾ കണ്ടുപിടിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ”ലക്ഷ്യത്തിലേക്ക് മുന്നേറാം’ എച്ച്.ഐ.വി അണുബാധിയില്ലാത്ത, വിവേചനമില്ലാത്ത, എയ്ഡ്‌സ് മരണമില്ലാത്ത, ഒരുനല്ലു നളേക്കായ്” കേരളത്തിലുള്ള പ്രൈവറ്റ് ഗവൺമെന്റ് ആശുപ്രതികൾ, കമ്മ്യുണിറ്റി ഹെൽത്ത് സെന്ററുകൾ, താലൂക്ക് ആശുപത്രികൾ, മെഡിക്കൽ കോളേജ് ആശുപ്രതികൾ എല്ലാം തന്നെ
തിരുവനന്തപുരത്തെ സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.

എയ്ഡ്‌സും പ്രതിരോധ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ കേരള സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി മുൻ ജോയന്റ് ഡയറക്ടർ ( കെയർ & സപ്പോർട്ട് ) ഡോ.റ്റി.വി വേലായുധനുമായി നടത്തിയ അഭിമുഖം.

ലോകത്ത് ആദ്യമായി എയ്ഡ്‌സ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം? എച്ച്.ഐ.വിയുടെ തുടക്കം?

അമേരിക്കയിൽ നിന്നാണ് ആദ്യമായി എയ്ഡ്‌സ് രോഗത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്. 1981ൽ അതായത് സ്വവർഗ്ഗരതിക്കാരയ രണ്ട് ചെറുപ്പക്കാരിൽ നിന്നാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത് തന്നെ. എയ്ഡ്‌സിന് കാരണക്കാരായ എച്ച്.ഐ.വി അണുവിനെ കണ്ടുപിടിക്കപ്പെടുന്നത് 1983ൽ ആണ്. Dr. Robrt Gallo യും പാരീസിലെ ശാസ്ത്രജ്ഞനായ Dr Luc Montagnier ഉം ആണ്

ഈ രോഗ പകർച്ചയെപ്പറ്റി ഒന്ന് വിശദീകരിക്കാമോ?

അതായത് ഈ രോഗം പ്രധാനമായും പകരുന്നത് 4 തരത്തിലാണ്

1) സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം
2) എച്ച്.ഐ.വി അണുബാധയുള്ള അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പ്രസവത്തിലും മുലയൂട്ടലിലും കൂടെ
3) സുരക്ഷിതമല്ലാത്ത (അണുവിമുക്തമല്ലാത്ത) സൂചി, സിറിഞ്ച്, എന്നിവയുടെ ഉപയോഗം പ്രത്യേകിച്ച് മരുന്ന് കുത്തിവെയ്ക്കുന്നതിലൂടെ
4) രക്തവും രക്തോൽപ്പന്നവും സ്വീകരിക്കുന്നതു മൂലം

എച്ച്.ഐ.വിയും എയ്ഡ്‌സും തമ്മിലുള്ള വ്യത്യാസം?

എച്ച്.ഐ.വി എന്നു പറയുന്നത് ഒരു വൈറസ് ആണ്. മേൽ പ്രതിപാദിച്ച നാല് മാർഗ്ഗങ്ങൾ വഴി ഈ രോഗാണു ഒരു വ്യക്തിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ആ വ്യക്തിയെ എച്ച്.ഐ.വി അണുബാധിതനാണ് എന്ന് പറയും. അഞ്ചോ പത്തോ വർഷങ്ങൾക്കുശേഷം ഈ വ്യക്തിയിലെ CD4 കോശങ്ങൾ (ശരീരത്തിലെ രോഗപ്രതിരോധശേഷി തരുന്ന കോശങ്ങൾ) ക്രമാതീതമായി കുറയുകയും 200 കോശങ്ങൾ, ഒരു ക്യുബിക് മില്ലീമീറ്ററിൽ താഴെ വരികയോ അഥവാ അവസരോചിത രോഗങ്ങളായ ക്ഷയരോഗം,ന്യൂമോണിയ, പലതരത്തിലുള്ള പൂപ്പൽ രോഗങ്ങൾ ഗ്രന്ഥികളുടെ വീക്കം എന്നീ രോഗസമുച്ചയം ഉണ്ടാകുകയും ചെയ്യുമ്പോൾ ആ വ്യക്തിയെ എയ്ഡ്‌സ് ബാധിതൻ എന്ന് പറയുന്നു.

ഇന്ന് ഈ എയ്ഡ്‌സ് രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമാണോ?

അതെ, ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എന്നാൽ ഈ വൈറസിനെ ശരീരത്തിൽ നിന്നും നിശ്ശേഷം നിർമാർജ്ജനം ചെയ്യുവാനുള്ള മരുന്നുകൾ ഇതുവരെ ലഭ്യമല്ല. പക്ഷെ ഇന്ന് നിലവിലുള്ള എയ്ഡ്‌സ് എന്ന അവസ്ഥയിലെത്തിയ വ്യക്തികൾക്ക് കൊടുക്കുന്ന ആന്റി റിട്രോ വൈറൽ ചികിത്സാ പദ്ധതി (ART) യിലൂടെ ഈ വ്യക്തിക്ക് 15 മുതൽ 20 വർഷമോ അതിൽ കൂടുതലോ ജീവിത ദൈർഘ്യം നീട്ടിക്കിട്ടുവാനുള്ള സാധ്യതയുണ്ട്. ഈ മരുന്നുകൾ കൃത്യമായും ഡോക്ടറുടെ നിർദ്ദേശാനുസരണം കഴിക്കേണ്ടതാണ്.

ഈ മരുന്നുകൾ എവിടെയെല്ലാം ലഭ്യമാണ് ? എത്ര നാൾ കഴിക്കണം ?

സംസ്ഥാനത്തെ 5 ഗവ.മെഡിക്കൽ കോളേജുകളിലും, ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജനറൽ ആശുപത്രി കാസർഗോഡ്, ജനറൽ ആശുപത്രി, എറണാകുളം, ഡിസ്ട്രിക്ട് ആശുപത്രി പാലക്കാട് എന്നീ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.

ഈ രോഗികൾക്ക് സർക്കാർ തലത്തിൽ എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭ്യമാണോ?

ഇവർക്ക് പ്രതിമാസം 400 രൂപ കൂടാതെ 120 രൂപ യാത്രബത്ത നൽകി വരുന്നു. അത് കൂടാതെ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പലതരത്തിലുള്ള പോക്ഷകാഹാര പദ്ധതികളും ലഭ്യമാക്കിയിട്ടുണ്ട്.

എച്ച്.ഐ.വി അണുവ്യാപനം തടയുന്നതിന് സംസ്ഥാനത്ത് എന്തെല്ലാം പ്രതിരോധപ്രവർത്തനങ്ങളാണ് നടപ്പിലാക്കിവരുന്നത് ?

മനുഷ്യരാശി നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയൊരു ആരോഗ്യ-സാമൂഹ്യ പ്രശ്‌നമാണ് എച്ച്.ഐ.വി – എയ്ഡ്‌സ്. എച്ച്.ഐ.വി പ്രതിരോധം, എച്ച്.ഐ.വി അണുബാധിതരുടെ ചികിത്സ പരിചരണം തുടങ്ങിയ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പിന് കീഴിൽ രൂപീകരിച്ചിരിക്കുന്ന ഒരു സ്ഥാപനമാണ് കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി. (KSACS) ഇതുമായി ബന്ധപ്പെട്ട് വിവിധ സന്ദേശങ്ങൾ സമൂഹത്തിൽ എത്തിക്കുക, ഈ പ്രവർത്തനങ്ങൾക്കാവശ്യമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക എന്നിവ കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

അങ്ങേക്ക് എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകാനുള്ളത് ?

അതായത് എനിക്ക് സമൂഹത്തോട് പറയാനുള്ള വസ്തുത ഇതിനോടകം തന്നെ നാം മനസ്സിലാക്കി കഴിഞ്ഞല്ലോ. അതേക്കുറിച്ചുള്ള ശരിയായ അവബോധം ശരിക്കും മനസ്സിലാക്കി പ്രവർത്തിക്കാമെങ്കിൽ തീർച്ചയായും ഈ മഹാവിപത്തിനെ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കാൻ കഴിയുമെന്ന ശുഭ വിശ്വാസമാണ് നമുക്ക് വേണ്ടത്.

കേരള സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ നിയന്ത്രണ സൊസൈറ്റി വിഭാഗം മുൻ ഡയറക്ടർ ഡോ.റ്റി.വി വേലായുധനുമായി ലേഖകൻ കടയ്ക്കാവൂർ പ്രേമചന്ദ്രൻനായർ നടത്തിയ അഭിമുഖം.
Share

Leave a Reply

Your email address will not be published. Required fields are marked *