‘കവിത കാലത്തിന്റെ സര്‍ഗാത്മക സമരമുഖം : ഗിരീഷ് ആമ്പ്ര

‘കവിത കാലത്തിന്റെ സര്‍ഗാത്മക സമരമുഖം : ഗിരീഷ് ആമ്പ്ര

മുക്കം: കവിതകള്‍ കാലത്തിന്റെ കരുത്തുറ്റ സര്‍ഗാത്മക സമരമുഖമാണെന്ന് കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര പറഞ്ഞു. ആവ്യ പബ്ലിക്കേഷന്‍സിന്റെ ‘ആകാശം കരയുന്നു’ എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനവേളയില്‍ ‘കവിതയും സമൂഹവും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളില്‍ സാമൂഹ്യ-സാംസ്‌കാരിക മാറ്റങ്ങള്‍ക്ക് സാഹിത്യരൂപങ്ങള്‍ കാരണമായിട്ടുണ്ട്. കേരളീയ സാഹചര്യത്തില്‍ അംശി നാരായണപിള്ളയെപോലുള്ള പല കവികളുടേയും രചനകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ആവേശഭരിതമാക്കിയ അക്ഷരായുധങ്ങളായിരുന്നു.

നിലവിലെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളില്‍ കവികളും കലാകാരന്‍മാരും തികഞ്ഞ സാമൂഹ്യപ്രതിബദ്ധത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേര്‍ത്തു. 102 കവികള്‍ സമ്മേളിക്കുന്ന ‘ആകാശം കരയുന്നു’ എന്ന കാവ്യസമാഹാരം കാഞ്ചനമാല, നടി സൂര്യകൃഷ്ണനുണ്ണിക്ക് നല്‍കി പ്രകാശനം ചെയ്തു. മുക്കം ബി.പി മൊയ്തീന്‍ സേവാമന്ദിറില്‍ വച്ചായിരുന്നു പ്രകാശനകര്‍മം. റഹീം പുഴയോരത്ത് ആണ് കാവ്യപുസ്തകത്തിന്റെ എഡിറ്റര്‍. ചടങ്ങില്‍ ആവ്യ പബ്ലിക്കേഷന്‍സ് ഡയരക്ടര്‍ ജുമൈല വരിക്കോടന്‍ അധ്യക്ഷത വഹിച്ചു. മീര ചന്ദ്രശേഖരന്‍ പുസ്തകപരിചയം നടത്തി. സിരാജ് ശ്രീരംഗപാണി, എന്‍.അബ്ദുള്‍ സത്താര്‍, മൈമൂന നാട്ടുകല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റഹീം പുഴയോരത്ത് സ്വാഗതവും വി.കൃഷ്ണലേഖ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *