ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് 223 ദിവസത്തിനിടെ ഇന്ത്യയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 40,215 ആയി ഉയര്‍ന്നു.അതേസമയം പകര്‍ച്ചവ്യാധി മൂലമുള്ള മരണസംഖ്യ 5,31,016 ആയി ഉയര്‍ന്നു. വൈറസ് സംബന്ധമായ അസുഖം മൂലം അഞ്ച് പേരാണ് കേരളത്തില്‍ മരിച്ചത്. ഇന്നലെ 5,676 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണുണ്ടായത്.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4,47,76,002 ആയി. 2022 സെപ്റ്റംബര്‍ ഒന്നിന് രാജ്യത്ത് 7,946 പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 4,42,04,771 പേരാണ് രോഗ മുക്തി നേടിയത്. അതേസമയം മരണനിരക്ക് 1.19 ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച് രാജ്യത്ത് ഇതുവരെയായി 220.66 കോടി കൊവിസ് വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം ആശങ്കയാകുന്ന സാഹചര്യമാണ്. ആയിരത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 980 പേര്‍ക്കാണ്. പോസിറ്റിവിറ്റി നിരക്ക് 26% ആയി. ഡല്‍ഹി എയിംസില്‍ ഡോക്ടര്‍മാര്‍ അടക്കം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. മാസ്‌ക് ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആശുപത്രിക്കകത്ത് സന്ദര്‍ശകരെയും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കാന്‍ മാര്‍ഗ്ഗദര്‍ശത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലും ആയിരത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 919 പേര്‍ക്കാണ് ഒരു ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.