മുംബൈക്ക് ആദ്യജയം; ഡല്‍ഹിക്ക് നാലാം തോല്‍വി

മുംബൈക്ക് ആദ്യജയം; ഡല്‍ഹിക്ക് നാലാം തോല്‍വി

ന്യൂഡല്‍ഹി: സീസണില്‍ ആദ്യ ജയവുമായി മുംബൈ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ആറ് വിക്കറ്റിനായിരരുന്നു മുംബൈയുടെ വിജയം. അവസാന പന്തിലാണ് അവര്‍ ലക്ഷ്യം കണ്ടത്. ടോസ് നേടിയ മുംബൈ ഡല്‍ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അക്ഷര്‍ പട്ടേലിന്റെ ഗംഭീര അര്‍ധ സെഞ്ചുറി(25 പന്തില്‍ 54 റണ്‍സ്)യുടെ മികവിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 47 പന്തില്‍ 56 റണ്‍സ് നേടിയെങ്കിലും സ്‌കോറിങ്ങിന് വേഗത കുറവായിരുന്നു. 19.4 ഓവറില്‍ 172 റണ്‍സിന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓള്‍ ഔട്ടായി. മുംബൈക്ക് വേണ്ടി പീയുഷ് ചൗളയും ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യവിക്കറ്റില്‍ 71 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 31 റണ്‍സുമായി ഇഷാന്‍ കിഷന്‍ മടങ്ങിയെങ്കിലും തുടര്‍ന്നുവന്ന തിലക് വര്‍മ രോഹിത്തിന് മികച്ച പിന്തുണ നല്‍കി.

തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ച രോഹിത് 45 പന്തില്‍ 65 റണ്‍സുമായാണ് മടങ്ങിയത്. നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. തിലക് വര്‍മ 29 പന്തില്‍ 41 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് വീണ്ടും നിരാശപ്പെടുത്തി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. മുകേഷ് മാറിന്റെ പന്തില്‍ മനീഷ് പാണ്ഡേക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. അവസാന രണ്ടോവറില്‍ 20 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുസ്തഫിസുര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്‌സ് അടക്കം 15 റണ്‍സടിച്ച കാമറൂണ് ഗ്രീനും ടിം ഡേവിഡും മുംബൈക്ക് പ്രതിക്ഷ നല്‍കി. ആന്റിച്ച് നോര്‍ക്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ സിംഗിളെടുത്തങ്കിലും അടുത്ത രണ്ട് പന്തില്‍ റണ്ണൊന്നും എടുക്കാന്‍ കഴിഞ്ഞില്ല. അടുത്ത രണ്ട് പന്തില്‍ ഓരോ റണ്‍ വീതം നേടി. അവസാന പന്തില്‍ ജയത്തിലേക്ക് രണ്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് മുംബൈ ആദ്യ ജയം സ്വന്തമാക്കി. എട്ട് പന്തില്‍ 17 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും 11 പന്തില്‍ 13 റണ്‍സെടുത്ത ടിം ഡേവിഡും പുറത്താകാതെ നിന്നു. ഡല്‍ഹിക്ക് വേണ്ടി മുകേഷ്‌കുമാര്‍ രണ്ട് വിക്കറ്റ് നേടി. രോഹിത് ശര്‍മയാണ് കളിയിലെ താരം.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *