മാഹി: അറബിക്കടലും മയ്യഴിപ്പുഴയും സംഗമിക്കുന്ന അഴിമുഖത്തെ ജലാശയവും ആകാശവും സാഹസിക വിനോദങ്ങളുടെ മായിക വേദിയായി. വാട്ടര്‍ സ്‌കൂട്ടര്‍ തൊട്ട് പാരച്യൂട്ട് വരെയുള്ള ഒട്ടേറെ സാഹസിക വിനോദങ്ങള്‍ വരെ ഒരേ സമയം കായിക പ്രേമികള്‍ക്കും കാണികള്‍ക്കും ആവേശമായി. റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ് രാജ് മീണ, പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട്, നഗരസഭാ കമ്മിഷണര്‍ സാംഗി പട്ടേരിയ, ഗവ.ഹൗസ് സൂപ്രണ്ട് പ്രവീണ്‍ പാനിശ്ശേരി അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ ഡയരക്ടര്‍ ജയശങ്കര്‍ എന്നിവരടക്കമുള്ളവര്‍ സാഹസിക വിനോദ പരിപാടികളില്‍ പങ്കാളികളായി. പുതുച്ചേരി ടൂറിസം വകുപ്പും മയ്യഴി ഭരണകൂടവും ചേര്‍ന്നാണ് അഡ്വഞ്ചറസ് കാര്‍ണിവവിന് തുടക്കമിട്ടത്. മാഹി പുഴയോര നടപ്പാതയില്‍ റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. സാഹസികപ്രവര്‍ത്തനങ്ങള്‍, ജെറ്റ് സ്‌കീ, കയാക്കിംഗ്, പെയിന്റ്‌ബോള്‍, സോര്‍ബിംഗ്, ട്രാംപോളിന്‍ തുടങ്ങിയ സാഹസിക പരിപാടികള്‍ 13 വരെ നടക്കും.