‘ഞാന്‍ ഫിദ’;  എ. ഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ വാര്‍ത്താവതാരകയെ പരിചയപ്പെടുത്തി കുവൈത്ത് ന്യൂസ്

‘ഞാന്‍ ഫിദ’;  എ. ഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ വാര്‍ത്താവതാരകയെ പരിചയപ്പെടുത്തി കുവൈത്ത് ന്യൂസ്

കുവൈത്ത് സിറ്റി:  നീലക്കണ്ണും തവിട്ട് നിറത്തിലുള്ള മുടിയും വെള്ള ടീഷര്‍ട്ടും കറുത്ത കോട്ടും ധരിച്ച വാര്‍ത്താവതാരക ലോകശ്രദ്ധ നേടുകയാണ്. മനുഷ്യന് ചെയ്യാന്‍ കഴിയുന്നതെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ചെയ്തുതീര്‍ക്കാനുള്ള സാധ്യതകള്‍ ആരാഞ്ഞ ടെക്കികളുടെ കണ്ടുപിടുത്തമാണ് ഫിദ എന്ന വാര്‍ത്താവതാരക. ഗള്‍ഫ് മേഖലയിലെ ആദ്യ ഇംഗ്ലീഷ് ദിനപ്പത്രമായ കുവൈത്ത് ടൈംസിന്റെ ഭാഗമായ കുവൈത്ത് ന്യൂസ് വെബ്‌സൈറ്റാണ് നിര്‍മിത ബുദ്ധിയില്‍ വികസിപ്പിച്ചെടുത്ത ആദ്യ വാര്‍ത്താവതാരകയെ പരിചയപ്പെടുത്തുന്നത്. ലോകത്ത് ആദ്യമായി ന്യൂസ്‌റൂമില്‍ ഇങ്ങനെയൊരു പരീക്ഷണം നടന്നതായി കുവൈത്ത് ന്യൂസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.

13 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഫിദയുടെ അറബിയിലുള്ള സംസാരം നമുക്ക് കേള്‍ക്കാം.” ഞാന്‍ ഫിദ. കുവൈത്ത് ന്യൂസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുവൈത്തിലെ ആദ്യത്തെ അവതാരകയാണ്. ഏത് തരത്തിലുള്ള വാര്‍ത്തകളാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത് നിങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാം” . ഫിദയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പുതിയതും നൂതനവുമായ ഉള്ളടക്കം കണ്ടെത്തുന്നതിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കഴിവിന്റെ പരീക്ഷണമാണ് ഈ നീക്കമെന്ന് ഡെപ്യൂട്ടി എഡിറ്റര്‍ ഇന്‍ ചീഫ് അബ്ദുല്ല ബുഫ്‌തൈന്‍ പറഞ്ഞു. ഭാവിയില്‍ ഫിദയ്ക്ക് കുവൈത്തി ഉച്ചാരണം സ്വീകരിക്കാനും വാര്‍ത്താ ബുള്ളറ്റിനുകള്‍ അവതരിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *