ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ ചൈനയുടെ കടന്നുകയറ്റത്തിനെതിരേ മറുപടിയുമായി കേന്ദ്ര മന്ത്രി അമിത് ഷാ. അരുണാചല്‍പ്രദേശിലെ കിബിത്തൂവിന്റെ പേര് ചൈന മുമ്പ് മാറ്റിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡത ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്നും ഇന്ത്യയില്‍ നിന്നും ഒരു സൂചി മുനയുടെ വിലയുള്ളത് പോലും ഒരാള്‍ക്കും സ്വന്തമാക്കാന്‍ കഴിയില്ലന്നും അമിത് ഷാ പറഞ്ഞു. അരുണാചല്‍ പ്രദേശിലെ കിബിത്തൂവില്‍ വെച്ച് നടന്ന വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് ആദ്യമായല്ല ചൈന ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ഭഗ്ച്ചി നേരത്തെ പറഞ്ഞിരുന്നു. ‘ഇത് ആദ്യമായല്ല ചൈന ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഞങ്ങള്‍ ഈ ശ്രമങ്ങളെയൊക്കെ വിലയിരുത്തുന്നുണ്ട്. അരുണാചല്‍ പ്രദേശ് ആരുടെയും അധീനതയില്‍ പെടുത്താന്‍ സാധിക്കാത്ത ഇന്ത്യയുടെ പ്രദേശമാണ്. ചൈന അവര്‍ക്ക് ഇഷ്ടമുള്ള പേര് നല്‍കിയാലും യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയെ മാറ്റിയെടുക്കാന്‍ അവര്‍ക്ക് സാധിക്കില്ല. വീണ്ടും വീണ്ടും അത് ഉറപ്പിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’, അരിന്ദം ഭഗ്ച്ചി പറഞ്ഞു.
അമിത്ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ ചൈന എതിര്‍ത്തിരുന്നു. അരുണാചല്‍ പ്രദേശില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തുന്ന സന്ദര്‍ശനം ബെയ്ജിങ്ങിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്നായിരുന്നു ചൈനയുടെ നിലപാട്.