റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളെ സര്‍ക്കാര്‍ സംരക്ഷിക്കണം: കെ.ആര്‍.ടി.യു

റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളെ സര്‍ക്കാര്‍ സംരക്ഷിക്കണം: കെ.ആര്‍.ടി.യു

കോഴിക്കോട്: റബ്ബര്‍ മേഖലയിലെ പ്രതിസന്ധിമൂലം ജീവിതം ദുരിതത്തിലായ സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളെ സര്‍ക്കാരുകള്‍ സംരക്ഷിക്കണമെന്ന് കേരള റബ്ബര്‍ ടാപ്പേര്‍സ് യൂണിയന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ റബ്ബറിന് 140 രൂപയാണ് വില ലഭിക്കുന്നതെങ്കില്‍ 180 രൂപയോളം ഉല്‍പ്പാദന ചിലവ് വരുന്നുണ്ട്. റബ്ബറിന്റെ തറവില 250 രൂപയാക്കി നിശ്ചയിക്കണം. സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരേയും ടാപ്പിംഗ് തൊഴിലാളികളേയും രാഷ്ട്രീയ അവസരത്തിന് പ്രയോജനപ്പെടുത്തുകയല്ലാതെ അവര്‍ക്ക് ഗുണപ്രദമായി ഒന്നും ചെയ്യുന്നില്ലെന്നവര്‍ കുറ്റപ്പെടുത്തി. ടാപ്പിംഗിന് ഒരു മരത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച കൂലി ഒന്നര രൂപയാണ്. അത് മൂന്ന് രൂപയായി വര്‍ധിപ്പിക്കണം. ടാപ്പിംഗ് തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമനിധി രൂപീകരിക്കണം.

റബ്ബര്‍ ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ധിപ്പിക്കണം. കടുത്ത വേനല്‍ കാരണം ടാപ്പിംഗ് നിലക്കുന്ന മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലും മണ്‍സൂണ്‍ മഴയുടെ ജൂണ്‍ മാസങ്ങളിലും തൊഴില്‍ ചെയ്യാനാകാതെ ദുരിതത്തിലാകുന്ന ടാപ്പിംഗ് തൊഴിലാളികള്‍ക്ക് എ.പി.എല്‍, ബി.പി.എല്‍ ഭേദമില്ലാതെ സൗജന്യ റേഷന്‍ അനുവദിക്കണം. തൊഴിലിനിടെ വന്യജീവികളുടെ ആക്രമണത്തിനിരയാകുന്നവര്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സും സാമ്പത്തിക സഹായവും നടപ്പിലാക്കണം. വിവിധ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ടി.കെ മുഹമ്മദ് മാസ്റ്റര്‍, സെക്രട്ടറി ഹനീഫ പി.കീഴാറ്റൂര്‍, ട്രഷറര്‍ ഏലിയാസ് കുര്യന്‍, വൈസ് പ്രസിഡന്റുമാരായ ജലീല്‍.കെ ,  സൈനുദ്ദീന്‍. കെ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *