സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള (1878 – 1916)

സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള (1878 – 1916)

തിരുവിതാംകൂറിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായും പത്രപ്രവർത്തനസ്വാതന്ത്രത്തിനും പൗരാവകാശങ്ങൾക്കും സാമുഹ്യനീതിക്കുംവേണ്ടി തൂലിക പടവാളാക്കിയ ഇതിഹാസ നായകനായിരുന്നു സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള. പത്രപ്രവർത്തനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ശക്തമായ ഒരു സമരായുധമായിരുന്നു. തിരുവിതാംകൂർ സ്വാതന്ത്യസമര ചരിത്രത്തിന്റെ ആദ്യദശകങ്ങളിൽ ആവേശകരമായ പശ്ചാത്തലമൊരുക്കിയ അപൂർവം ചില ധീരദേശാഭിമാനികളിൽ അതികായനുമായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് ദാർശനികൻ കാൾ മാർക്‌സിനെക്കുറിച്ച് ഒക്ടോബർ വിപ്ലവത്തിനും മുമ്പ് ഭാരതീയ ഭാഷയിൽ ആദ്യമായി ഗ്രന്ഥരചന നിർവ്വഹിച്ചതും അദ്ദേഹമാണ്. രാജഭക്തനായിത്തീരേണ്ട സാഹചര്യത്തിൽ ജനിച്ചുവളർന്ന ആ പുരുഷകേസരി രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെടുകയും നാടു
കടത്തപ്പെടുകയും ചെയ്തു. പക്ഷേ, കാലഘട്ടങ്ങൾ പിന്നിട്ടപ്പോൾ ആ മഹാമനീഷി ധീര ദേശാഭിമാനിയായി ചിത്രീകരിക്കപ്പെട്ടു. നിരന്തരമായ പഠനത്തിലൂടെ ആർജിച്ച സംസ്‌കാരവും ബുദ്ധിവൈഭവവും നിശ്ചയദാർഢ്യവും അനീതിക്കും അക്രമത്തിനുമെതിരെ ഗർജ്ജിക്കാനും രാജ്യശ്രേയസ്സിനും ജനക്ഷേമത്തിനും വേണ്ടിയുള്ള കർമപദ്ധതിയിലേക്കു അദ്ദേഹത്തെ നയിച്ചു.
തലസ്ഥാന നഗരിയിൽ നിന്നും 20 കിലോമീറ്റർ മാറി തിരുവിനന്തപുരം- കന്യാകുമാരി റോഡിൽ ചരിത്ര പ്രാധാന്യവും ആദ്ധ്യാത്മികവിശുദ്ധിയുമാർന്ന നെയ്യാറ്റിൻകരയിൽ 1878 മേയ് 25ന് രാമകൃഷ്ണപിള്ള  ജനിച്ചു. പിതാവ് മുല്ലപ്പള്ളി വീട്ടിൽ നരസിംഹൻ തമ്പി. മാതാവ് ചക്കി അമ്മ. നാട്ടിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും തിരുവനന്തപുരത്തെ രാജകീയ കലാലയത്തോടനുബന്ധിച്ചുള്ള ഇംഗ്ലീഷ് ഹൈസ്‌കൂളിൽ നിന്നുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസ കാലം മുതൽക്കുതന്നെ പത്രപവർത്തനരംഗവുമായി സജീവമായി ബന്ധപ്പെട്ടു. 1907ൽ ബി.എ. ബിരുദം നേടി. പത്രമാധ്യമങ്ങൾക്ക്
വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരിക്കണമെന്ന വിശ്വാസ പ്രമാണത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം സാമൂഹ്യ പ്രതിബദ്ധതയുള്ള പത്രപ്രവർത്തനത്തിന് പ്രാമുഖ്യം കൽപിച്ചിരുന്നു. ശക്തിസാധനയുള്ള എഴുത്തുകാരനെന്ന നിലയിലും യുവാവസ്ഥയിൽത്തന്നെ സഹൃദയശ്രദ്ധ ആകർഷിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഭരണകൂടത്തെ പിടിച്ചുലച്ച മലയാളത്തിലെ ആദ്യ നോവലുകളുടെ കർത്താവായ കെ. നാരായണകുരുക്കളായിരുന്നു രാമകൃഷ്ണപിള്ളയുടെ രാഷ്ട്രീയാചാര്യൻ. ആശയപരമായി അവരിരുവരും അക്കാലത്ത് സൃഷ്ടിച്ച അസ്വസ്ഥത അധികാരിവർഗ്ഗത്തെ തികച്ചും ആശങ്കാകുലരാക്കി.
അമേരിക്കൻ സാഹിത്യത്തിലെ മഹാത്ഭുതമായ അപ്ടൺ സിംഗ്ലയറുടെ ”ജംഗിൾ” എന്ന നോവൽ പ്രസിദ്ധീകരിച്ചപ്പോൾ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് സിംഗ്ലിയർക്ക് ഒരു എക്‌സ്പ്രസ്സ് ടെലഗ്രാം അയച്ചുകൊടുത്ത കഥ പ്രസിദ്ധമാണ്. ”ജംഗിൾ” എന്ന കൃതിയെ അഭിനന്ദിക്കാനായിരുന്നില്ല പ്രസിഡന്റ് അടിയന്തിര കമ്പിസന്ദേശമയച്ചത്. അദ്ദേഹത്തിന്റെ ആവശ്യം മറ്റൊന്നായിരുന്നു. ”സിംഗ്ലയർ തൂലിക നില ത്തുവച്ച് കുറേക്കാലം നിശബ്ദനായിരിക്കണം, എങ്കിലേ മനഃസമാധാനത്തോടെ തനിക്ക് രാജ്യം ഭരിക്കാനാവു’. അതേ മാനസികാവസ്ഥയായിരുന്നു സ്വദേശാഭിമാനിയുടെ കാലത്ത് തിരുവിതാംകൂറിലെ
ഭരണാധികാരികളിലും നിലനിന്നിരുന്നത്. കേരളദർപ്പണം, കേരളപഞ്ചിക, മലയാളി, കേരളൻ എന്നീ പത്രങ്ങളിൽ സ്ഥിരം ലേഖകനായും പത്രാധിപരായും സേവനമനുഷ്ഠിച്ചിരുന്ന രാമകൃഷ്ണപിള്ള അവസാനം പ്രവർത്തിയെടുത്തത് നാടിനെ നടുക്കിയ-ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച- നാടുകടത്തിലിനുവരെ ഇടയാക്കിയ ”സ്വദേശാഭിമാനി”യിലായിരുന്നു. ”സ്വദേശാഭിമാനി” എന്നത് അപ്പോഴേക്ക് അദ്ദേഹത്തിന്റെ പേരിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. വക്കം മൗലവിയുടെ ഉടമസ്ഥതയിൽ ”സ്വദേശാഭിമാനി” പ്രവർത്തനമാരംഭിച്ച കാലത്തുതന്നെ രാമകൃഷ്ണപിള്ള അതിന്റെ പത്രാധിപരായി. ദിവാൻ സർ പി. രാജഗോപാലാചാരിയുടേയും കൊട്ടാരം ഉപജാപകരുടേയും അഴിമതിക്കും തെറ്റായ നടപടികൾക്കുമെതിരെ ശക്തമായ വിമർശനം തുടർന്നതോടെ രാമകൃഷ്ണപിള്ള ദിവാന്റെ കണ്ണിലെ കരടായി മാറി. ശ്രീപത്മനാഭസ്വാമിക്ഷ്രേതത്തിലെ ആറാട്ടുത്സവത്തിൽ സ്ത്രീകൾക്കിടയിൽ കടന്നുകയറി ദിവാൻ കാട്ടിയ പേക്കുത്തൂകളെ സ്വദേശാഭിമാനിയിൽ രൂക്ഷമായിവിമർശിച്ചുകൊണ്ടെഴുതിയ ലേഖനം ദിവാനെ രോഷകുലനാക്കി. രാജാഗോപാലാചാരിയെ ജാരഗോപാലദചാരി എന്ന് വിശേഷിപ്പിച്ചത്, തിരുത്തി പ്രസിദ്ധീകരിക്കാൻ രാജകല്പന ഉണ്ടായിട്ടും അത് നിർവ്വഹിക്കാതെ അച്ചടിപിശക് സംഭവിച്ചതാണെന്ന് പറഞ്ഞ് പിന്തിരിയുകയാണുണ്ടായത്. ദിവാനെ രോഷാകുലനാക്കിയ മറ്റൊരു സംഭവം 1910ൽ നെയ്യാറ്റിൻകര നിന്നും ശ്രീമൂലം പ്രജാസഭയിലേക്ക് രാമകൃഷ്ണപിളള എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സഭസമ്മേളിക്കുന്നതിനു മുമ്പ് സർക്കാരിന്റെ ജനദ്രോഹനടപടികൾക്കെതിരെ മറുപടികിട്ടാൻ അദ്ദേഹം ഉന്നയിച്ച ചില ചോദ്യങ്ങൾ ദിവാന്റെ നടപടികൾക്കെതിരേയുള്ളതാകയാൽ അദ്ദേഹത്തെ രോഷാകുലനാക്കി. ഇതിന്റെ പേരിൽ ചില തടസ്സവാദങ്ങൾ ഉന്നയിച്ച് രാമകൃഷ്ണപിള്ളയുടെ നിയമസഭാംഗത്വം ദിവാൻ റദ്ദുചെയ്തു. ഇതിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയർന്നു. പിന്നീട് ആരും ആ മണ്ഡലത്തിൽനിന്നും മത്സരിക്കാൻ തയ്യാറായില്ല. ദിവാൻ മറ്റൊരാളെ നാമനിർദ്ദേശം ചെയ്‌തെങ്കിലും അദ്ദേഹവും സമ്മേളനത്തിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയാണുണ്ടായത്.
രാമകൃഷ്ണപിള്ളയെ സ്വാധീനിക്കുവാനും അദ്ദേഹത്തെ ഭരണക്കൂടത്തിനെതിരായ വിമർശനത്തിൽനിന്ന് പിന്തിരിപ്പിക്കാനും ഉപജാപകരെത്തിയെങ്കിലും ഒന്നിനും വഴങ്ങാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. പ്രലോഭനങ്ങൾക്കോ വാഗ്ജാലങ്ങൾക്കോ എന്റെ ധർമബോധത്തെ ഉലയ്ക്കാൻ ഒരിക്കലും കഴിയില്ല. ജനങ്ങളോടുള്ള കടമ നിറവേറ്റാൻ ഞാൻ ആരുടേയും മുഖം നോക്കാറില്ല. മഹാരാജാവും ഉദ്യോഗസ്ഥപ്രമാണികളും ജനങ്ങളുടെ യജമാനന്മാരല്ല, ദാസന്മാരാണ് എന്ന യാഥാർഥ്യം അദ്ദേഹം എടുത്തുകാട്ടി. ഭരണകൂടത്തിനും ദിവാനുമെതിരെ പൊരുതിനിന്ന സ്വദേശാഭിമാനിയെ നാടുകടത്തുക എന്ന തീരുമാനത്തിൽ ദിവാൻ രാജഗോപാലാചാരി അവസാനം എത്തിച്ചേർന്നു. നാടുകടത്തൽ പ്രഖ്യാപനമുണ്ടാകുമെന്ന സുചന ലഭിച്ചപ്പോൾ അദ്ദേഹം എഴുതി. ”നാടുകടത്തൽ, കാരാഗൃഹവാസം മുതലായ ശിക്ഷകളെ
ഭയപ്പെടേണ്ടവർ കൊട്ടാരങ്ങളിൽ കൊലപാതകം ചെയ്തും, സാധുജനങ്ങളുടെ പണാപഹരണം ചെയ്തും ഈശ്വര സങ്കല്പത്തിന് വിരുദ്ധമായ മറ്റ് കൃത്യങ്ങൾ നിർവ്വഹിച്ചും പാപക്കൂണ്ടിൽ പതിച്ചിരിക്കുന്നവരാണ്. അവർക്കാണ് കാരാഗൃഹവാസം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്”. 1910 സെപ്റ്റംബർ 26ന് അർദ്ധരാത്രിയിൽ രാമകൃഷ്ണപിള്ളയെ നാടുകടത്താനും പത്രം കണ്ടുകെട്ടാനും രാജകീയ വിളംബരമുണ്ടായി. അതേ ദിവസം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് മുമ്പിൽ ഒരു ജഡുക്കാവണ്ടിയിലിരുന്ന് സ്വദേശാഭിമാനി അഭിപ്രായപ്പെട്ടു. ശ്രീപത്മനാഭൻ ഇവിടെയില്ല, ഇവിടെമാകെ അന്ധകാരമാണ്”. 1888ൽ ”നിയമനിർമാണ സഭ
രൂപീകരണത്തിലൂടെ ജനാധിപത്യത്തിന്റെ ശില്പ ഗോപുരങ്ങൾക്ക് നാമമാത്രമായിട്ടാണെങ്കിലും ഉറച്ച അടിത്തറപാകിയ, നാട്ടുരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ആദ്യ സുപ്രധാന പ്രഖ്യാപനമെന്ന നിലയിൽ ആസേതുഹിമാചലം തികഞ്ഞ പ്രശംസയ്ക്കർഹനായ ശ്രീമൂലം തിരുനാൾ മഹാരാജാവും അദ്ദേഹത്തിന്റെ ദിവാൻ രാജഗോപാലാചാരിയുമായിരുന്നു നാടുകടത്തലിനു പിന്നിലെ പ്രേരകശക്തികൾ. ആകാശവാണിനിലയം ഇപ്പോൾ പ്രവർത്തിക്കുന്ന ”ഭക്തിവിലാസം’ ബംഗ്ലാവിലാണ് ദിവാൻ അന്ന് താമസിച്ചിരുന്നത്. സ്വദേശാഭിമാനിയെ നാടുകടത്തലിന് കരുക്കൾ നീക്കിയതും ഭക്തിവിലാസത്തുവച്ചാ
യിരുന്നു. നാടുകടത്തൽ വിളംബരം പ്രഖ്യാപിച്ച അടുത്ത ദിവസം സ്വദേശാഭിമാനി ഓഫീസ് റെയ്ഡ് ചെയ്യാൻ പോലീസ് എത്തി. നട്ടുച്ചനേരം പോലീസ് ഓഫീസിലെ റിക്കാർഡുകളെല്ലാം പരിശോധിച്ചു. വീടുപൂട്ടി സീൽവച്ച വിവരവുമായി ജോലിക്കാരെത്തി. വിവരം കേട്ടറിഞ്ഞതോടെ നാട്ടുകാരേയും വിദ്യാർഥികളേയുംകൊണ്ട് പരിസരം തിങ്ങിനിറഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ എല്ലാം മുദ്രവച്ച് -കണ്ടുകെട്ടി. വിദ്യാർഥികളുടേയും നാട്ടുകാരുടേയും പ്രതിഷേധ പ്രകടനങ്ങൾക്കും കൂക്കുവിളികൾക്കുമിടയിലൂടെ പോലീസ് രാമകൃഷ്ണപിള്ളയേയുംകൂട്ടി പാളയം പോലീസ് സ്റ്റേഷനിലേക്ക് പോയി. നാടുകടത്താനുള്ള
രാജകല്പന ഇങ്ങനെ. ”തിരുവനന്തപുരത്തുനിന്നും പ്രസിദ്ധം ചെയ്യുന്ന ”സ്വദേശാഭിമാനി” എന്ന വർത്തമാനപത്രത്തെ അമർച്ചചെയ്യുന്നതും ആ പത്രത്തിന്റെ മാനേജിംഗ് പ്രൊപ്രൈറ്ററും എഡിറ്ററുമായ കെ. രാമകൃഷ്ണപിള്ളയെ നമ്മുടെ നാട്ടിൽനിന്നും നീക്കം ചെയ്യുന്നതും പൊതുജനക്ഷേമത്തിനാവശ്യമാണെന്ന് നമുക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാൽ മേൽപ്പറഞ്ഞ കെ. രാമകൃഷ്ണപിള്ളയെ ഉടനെ അറസ്റ്റുചെയ്ത് നമ്മുടെ സംസ്ഥാനത്തിന്റെ അതിർത്തിക്ക് പുറത്താക്കുകയും നാം വേറെവിധം ആജ്ഞാപിക്കുന്നതുവരേക്കും മേൽപ്പറഞ്ഞ രാമകൃഷ്ണപിള്ള നമ്മുടെ സംസ്ഥാനത്തിൽ തിരികെ പ്രവേശിക്കുകയോ ചെയ്യുന്നത് നിരോധിക്കുകയും ചെയ്യണമെന്ന് നാം ഇതിനാൽ ആജ്ഞാപിക്കുന്നു”. സ്വദേശാഭിമാനി ചെയ്ത കുറ്റം എന്തെന്ന് നാടുകടത്തൽ വിളംബരത്തിൽ ഇല്ലായിരുന്നു. കോടതിയെ സമീപിക്കുന്നതിനുള്ള അവ
സരവും നിഷേധിച്ചിരുന്നു. നിയമാനുസൃത നടപടികളൊന്നുമില്ലാതെയും വിചാരണ നടത്താതെയുമാണ് നാടുകടത്തൽ പ്രഖ്യാപനമുണ്ടായത്. ഈ നടപടികളൊക്കെ സ്വദേശാഭിമാനിയെ കൂടുതൽ രോഷാകുലനാക്കി. അധികാരികളുടെ ധിക്കാരപൂർവ്വമായ നടപടികളേയും സദാചാരഭ്രംശത്തേയും അക്കമിട്ടവതരിപ്പിച്ച സ്വദേശാഭിമാനി ദിവാനെ നാട്ടിൽനിന്ന് അട്ടിപ്പായിക്കണമെന്നും ശക്തമായ ഭാഷയിലെഴുതിയ മുഖ
പ്രസംഗം ഉപസംഹരിക്കുന്നത് ഇപ്രകാരമായിരുന്നു. ”വിശാഖംതിരുനാൾ മഹാരാജാവ് തിരുമനസ്സുകൊണ്ടായിരുന്നെങ്കിൽ ദിവാൻ രാജഗോപാലാചാരിയുടെ ഇന്നത്തെ കുറ്റത്തിന് തിരുമനസ്സിലെ കുതിരക്കാരന്റെ കവഞ്ചികൊണ്ട് ഈ മന്ത്രിസ്ഥാന വൃഭിചാരിയുടെ തലപൊളിച്ചുവിടുമായിരുന്നു” സ്വദേശാഭിമാനിയുടെ വീട്ടിനുള്ളിലെ പോലീസ് അതിക്രമത്തെ അന്ന് നാലുവയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഗോമതി അമ്മ അനുസ്മരിക്കുന്നതിപ്രകാരമാണ്. ”അച്ഛനോ അമ്മയോ വീട്ടിലില്ല ഞാനും അനുജനും മാത്രം. പോലീസ് വീടു വളഞ്ഞു. ഞങ്ങളെ പുറത്താക്കി. വീട് പൂട്ടി മുദ്രവച്ചു. ഭക്ഷണം പുറത്തെടുക്കാൻ എനിക്ക് ഭയമായിരുന്നു. അനുജന് വിശപ്പും. പോലീസിനേയും ജനങ്ങളേയുംകൊണ്ട് പരിസരമാകെനിറഞ്ഞു. അമ്മ സ്‌കൂളിൽനിന്നും ഓടിയെത്തി. ഞങ്ങളെ മാറോടണച്ചു. അച്ഛനെ കാണാൻ കണ്ണുകൾ ഉഴറിനടന്നു. അച്ഛൻ എവിടെയെന്ന ചോദ്യത്തിന് ഒരു മറുപടിയും ലഭിച്ചില്ല. സ്വാതന്ത്രസമരസേനാനി എന്ന നിലയിൽ പിൽക്കാലത്ത് വിഖ്യാതിയാർജിച്ച ബാരിസ്റ്റർ എ.കെ. പിള്ളയുടെ സഹധർമിണിയാകാൻ ഗോമതിയമ്മയ്ക്ക് ഭാഗ്യം സിദ്ധിച്ചു. കൊച്ചിയുടെ സംസ്‌കൃത നാമമായ ഗോശ്രീ, മലബാർ, തിരുവിതാംകൂർ എന്നീ സംസ്ഥാനങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ് സ്വദേശാഭിമാനി മകൾക്ക് ഗോമതി എന്ന പേര്
നൽകിയത്. സൈനികാകമ്പടിയോടെ ജഡ്കാ വണ്ടിയിൽ രാമകൃഷ്ണപിള്ളയെ ജന്മനാടായ നെയ്യാറ്റിൻകരവഴി അക്കാലത്ത് തിരുവിതാംകൂറിന്റെ അതിർത്തിപ്രദേശമായിരുന്ന ആരുവാമൊഴിയിലേക്ക് കൊണ്ടുപോയി. യാത്രാമദ്ധ്യേ നെയ്യാറ്റിൻകരയിലെത്തിയപ്പോൾ സൈനിക മേധാവികൾ ”അമ്മയെ കാണണോ? എന്നദ്ദേഹത്തോട് ആരാഞ്ഞു. ദൈവസന്നിധിയിൽവച്ചായിക്കൊള്ളാം എന്നായിരുന്നു പ്രതികരണം”. ആരു
വാമൊഴിയിലെത്തി ജന്മനാടിനോട് വിടപറയുമ്പോൾ ആ കണ്ണുകൾ ജലാർദ്രമായി. നാടുകടത്തലിതെപ്പറ്റി സി.വി. രാമൻപിളള എഴുതി. ”ദിവാൻ രാജഗോപാലാചാരി എത്ര അഹങ്കരിച്ചാലും രാജ്യമെമ്പാടും ഈ സംഭവത്തിൽ രോഷംകൊള്ളുകതന്നെ ചെയ്യും. തിരുനെൽവേലി കലക്ടറെ കൊലചെയ്തകേസും. ചാല ലഹളയും പഴങ്കഥയായിത്തീർന്നിരിക്കുന്നു. ഈ സംഭവത്തിൽ മന്ത്രി ഹസ്തത്തിനുള്ള പങ്ക് എന്തായിരുന്നു? തിരുവിതാംകൂറുകാരനായ ഒരു പുരുഷകേസരിയുടെ കാര്യത്തിൽ ദിവാൻ രാജഗോപാലാചാരി ബ്രിട്ടീഷ് ഇന്ത്യപോലും പ്രയോഗിക്കാത്ത ഒരു നയം ആവിഷ്‌കരിച്ചു. സ്വന്തം നാട്ടിൽ ജീവിക്കാനുള്ള അവകാശം നഷ്ടമാക്കിയത് ജീവഹാനിക്ക് തുല്യം”. സ്വദേശാഭിമാനിയുടെ മഹത്വം അന്നത്തെ തലമുറ ശരിക്കും അറിഞ്ഞിരുന്നില്ല. കേരളവർമവലിയ കോയിത്തമ്പുരാന്റേയും, എ.ആർ. രാജരാജവർമ്മയുമുൾപ്പടെ ഒട്ടേറെ മഹാപുരുഷന്മാരുടെ സ്‌നേഹപരിലാളനങ്ങൾക്ക് അക്കാലത്ത് അദ്ദേഹം പാത്രമായിട്ടുണ്ട്. ആപൽഘട്ടങ്ങളിൽ അടുത്തുനിന്നവർപോലും അദ്ദേഹത്തെ കൈവിട്ടു. ആർക്കുവേണ്ടി യാതന അനുഭവിച്ചോ അവർപോലും ആ ധീരാത്മാവിനുവേണ്ടി സഹായഹസ്തം നീട്ടിയില്ല. സമകാലികജനത അംഗീകരിച്ചില്ലെങ്കിലും ചരിത്രം എക്കാലവും ആദരിക്കും എന്ന സത്യം രാമകൃഷ്ണപിള്ളയുടെ കാര്യത്തിൽ യാഥാർഥ്യമായി. നാടുകടത്തൽ വാർത്തയറിഞ്ഞ് സഹധർമിണി ബി. കല്യാണിയമ്മ തിരുവനന്തപുരം ഗേൾസ്,സ്‌കൂളിലെ ജോലി രാജിവച്ചു. തിരുനെൽവേലിയിൽനിന്നും അവർ സ്വദേശാഭിമാനിയെ അനുഗമിച്ചു. അവരിരുവരും അവിടെനിന്ന് മദിരാശിയിലേക്ക് യാത്രയാവുകയും കുറച്ചുകാലം തിരുനെൽവേലിയിൽ”പെരിയമേട്ടിൽ” താമസിക്കുകയും ചെയ്തു. പിന്നീട് പാലക്കാട്ട് എത്തി. തരവത്ത് അമ്മാളുഅമ്മയുടെ അതിഥിയായി താമസിച്ചു. അവിടെവച്ച് കല്യാണിഅമ്മ ബി.എയ്ക്കും രാമകൃഷ്ണപിള്ള ബി.എല്ലിനും പഠനം തുടർന്നു. വീണ്ടും പാലക്കാട്ടെത്തി ”ആത്മപോഷിണി’യുടെ സാഹിത്യനായകത്വം അദ്ദേഹം ഏറ്റെ ടുത്തു. പതിനഞ്ചോളം വിശിഷ്ട ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടദ്ദേഹം. വൃത്താന്ത പത്രപ്രവർത്തനം, ഡൽഹിഡെർബാർ, സോക്രട്ടീസ്, നാടുകടത്തൽ, കാറൾമാർക്‌സ്, മോഹൻദാസ് ഗാന്ധി, നരകത്തിൽനിന്ന് എന്നീ ഗ്രന്ഥങ്ങൾ അവയിൽ പ്രധാനപ്പെട്ടവയാണ്. നാണിക്കുട്ടി അമ്മയായിരുന്നു ആദ്യ സഹധർമ്മിണി. അവരുടെ നിര്യാണത്തെത്തുടർന്ന് ”വ്യാഴവട്ടസ്മരണകൾ.” എന്ന ഗ്രന്ഥത്തിലൂടെ വിഖ്യാതിയാർജിച്ച ബി. കല്യാണിയമ്മയുമായി അദ്ദേഹം വിവാഹബന്ധത്തിലേർപ്പെട്ടു. നാല്പത്തൊന്നു സംവത്സരക്കാലമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. നിരവധി പുരുഷായുസ്സുകൾകൊണ്ട് നിർവ്വഹിക്കേണ്ട മഹത്തായ ചുമതലകൾ ഹ്രസ്വകാലയളവിനുള്ളിൽ അദ്ദേഹം നിർവ്വഹിച്ചു. പത്രപ്രവർത്തനരംഗത്ത് സ്വന്തമായി സ്മാരകം പണിതുയർത്തുകയും ചെയ്തു. തലമുറകൾക്കാവേശം പ്രദാനം ചെയ്ത ആ ധീര ദേശാഭിമാനിയുടെ സ്മരണ നിലനിർത്തുന്ന ഒട്ടേറെ സ്മാരകങ്ങൾ തലസ്ഥാന നഗരിയിലും ജന്മനാടായ നെയ്യാറ്റിൻകരയിലുമുണ്ട്. ഒരു സംവത്സരക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ സർക്കാരിന്റെ ആഭിമുഖ്യത്തിൽ നാടുകടത്തലിന്റെ നൂറാംവാർഷികവും ആഘോഷിക്കപ്പെടുന്നു. ജീവിതാന്ത്യത്തിൽ കലശലായ ക്ഷയരോഗം അദ്ദേഹത്തെ തളർത്തി. 1918 മാർച്ച് 28ന് സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശീലവീണു.

 

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ
Share

Leave a Reply

Your email address will not be published. Required fields are marked *