50 ശതമാനം ഇടക്കാല ആശ്വാസം നല്‍കുക; തൃശൂരില്‍ നഴ്സുമാര്‍ നാളെ മുതല്‍ പണിമുടക്കും

50 ശതമാനം ഇടക്കാല ആശ്വാസം നല്‍കുക; തൃശൂരില്‍ നഴ്സുമാര്‍ നാളെ മുതല്‍ പണിമുടക്കും

തൃശൂര്‍: തൃശൂരില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നാളെ (ചൊവ്വാഴ്ച്ച) മുതല്‍ പണിമുടക്കും. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കുന്നത്. 72 മണിക്കൂര്‍ ഐ.സി.യു ഉള്‍പ്പെടെ ബഹിഷ്‌കരിക്കുമെന്ന് നേഴ്സുമാരുടെ സംഘടനയായ യു.എന്‍.എ അറിയിച്ചു. പ്രതിദിന വേതനം 1500 രൂപയെങ്കിലുമാക്കി നിശ്ചയിക്കുന്നതിന് പുറമേ ആശുപത്രി മേഖലയിലെ കോണ്‍ട്രാക്ട്, ഡെയ്ലി വെയ്ജസ് നിയമനങ്ങള്‍ അവസാനിപ്പിക്കുക, ആശുപത്രിയിലെ രോഗി നഴ്സസ് അനുപാതം കൃത്യവും നിയമപരവുമായി നടപ്പിലാക്കുക, ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, ലേബര്‍ നിയമങ്ങള്‍ ലംഘിക്കുന്ന മാനേജ്മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുക, ശമ്പളവര്‍ധനവ് വരുന്നത് വരെ അടുത്ത മാസം മുതല്‍ ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും ഇടക്കാലാശ്വാസം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം. പ്രശ്ന പരിഹാരത്തിന് ലേബര്‍ ഓഫിസറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് നാളെ സമരം നടത്താന്‍ സംഘടന തീരുമാനിച്ചത്.

പ്രശ്നപരിഹാരമായില്ലെങ്കില്‍ മെയ് ഒന്നു മുതല്‍ സംസഥാനത്തുടനീളം അനിശ്ചിത കാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് യു.എന്‍.എ ഭാരവാഹികള്‍ അറിയിച്ചു. 50 ശതമാനം ഇടക്കാലാശ്വാനം പ്രഖ്യാപിക്കുന്ന ആശുപത്രികളെ സമ്പൂര്‍ണ പണിമുടക്കില്‍ നിന്ന് ഒഴിവാക്കും. നാളെ കലക്ടറേറ്റ് മാര്‍ച്ചും തുടര്‍ന്ന് മൂന്ന് ദിവസവും കലക്ടറേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തും. കലക്ടറേറ്റ് മാര്‍ച്ച് ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷാ ഉദ്ഘാടനം നിര്‍വഹിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *