ജീവതാളം പദ്ധതി കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു

ജീവതാളം പദ്ധതി കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു

കോഴിക്കോട്‌ :

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ജീവതാളം പദ്ധതിയുടെ കൈപ്പുസ്തകം ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ പ്രകാശനം ചെയ്തു. വൈറസുകൾ പൊതുസമൂഹ ജീവിതത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിപ്പ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശമായിരുന്നു കോഴിക്കോട്.

എന്നാൽ സന്ദർഭോചിതമായും അർപ്പണബോധത്തോടെയുമുള്ള കൂട്ടായ പരിശ്രമം അതിനെ അതിജീവിക്കാൻ നമ്മെ സഹായിച്ചു എന്നത് അഭിമാനാർഹമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. നിപ്പ സമയത്ത് നാം ആചരിച്ച ഊർജ്ജമാണ് പ്രളയ കാലഘട്ടത്തെ അതിജീവിക്കാൻ നമുക്ക് ഉൾക്കരുത്ത് നൽകിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആരോഗ്യകരമായ ജീവിതക്രമം ഉൾപ്പെടുത്തി വ്യായാമം, ഭക്ഷണ രീതി തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് കൈപ്പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. രണ്ട് വർഷത്തിലധികമായി ചേളന്നൂർ ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ തെരഞ്ഞെടുക്കപ്പെട്ട റസിഡൻസ് അസോസിയേഷൻ മുഖാന്തരം ജീവതാളം പദ്ധതി നടപ്പിലാക്കുന്നുണ്ട്. പദ്ധതിയുടെ പ്രവർത്തനം ഭാവിയിൽ എല്ലാ പ്രദേശത്തേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ പി ശോഭന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാൻഫെഡ് അവാർഡ് നേടിയ കെ മോഹനൻ മാസ്റ്ററെ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മുക്കം മുഹമ്മദ് ആദരിച്ചു. വൈസ് പ്രസിഡൻറ് സി എം ഷാജി, നരിക്കുനി സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ കെ ഇ രൂപ, നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു, കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ജമീല, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം ഗംഗാധരൻ മാസ്റ്റർ, പി കെ സുജാത, ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ കെ സുരേശൻ തുടങ്ങിയവർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *