അവിശ്വസനീയം റിങ്കു സിംഗ്…!

അവിശ്വസനീയം റിങ്കു സിംഗ്…!

അവാസാന ഓവറില്‍ റിങ്കുസിംഗിന്റെ അഞ്ച് സിക്‌സില്‍ ഗുജറാത്തിനെതിരേ വിജയം വെട്ടിപ്പിടിച്ച് കൊല്‍ക്കത്ത. പഞ്ചാബിനെതിരേ ഹൈദരാബാദിന് എട്ട് വിക്കറ്റ് വിജയം. ശിഖര്‍ധവാ(99*)ന്റെ പോരാട്ടം വിഫലം

അഹമ്മദാബാദ്: ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ എല്ലാ ചാരുതയും നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവിശ്വസനീയ വിജയം. റാഷിദ് ഖാന്റെ ഹാട്രിക്കും റിങ്കു സിംഗിന്റെ അവസാന ഓവറിലെ അഞ്ച് സിക്‌സും ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്നലെ നല്‍കിയത് മികച്ച വിരുന്നു തന്നെയായിരുന്നു. ഐ.പി.എല്ലിലെ ഈ സീസണില്‍ ഇതുവരെുള്ള മത്സരങ്ങളില്‍ ഏറ്റവും ത്രസിപ്പിച്ച മത്സരമായിരുന്നു ഇന്നലത്തേത്. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവച്ച് 205 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് മൂന്ന് വിക്കര്‌റ് ശേഷിക്കെ അവസാന ഓവറില്‍ വേണ്ടിയിരുന്നത് 29 റണ്‍സ്. വിജയം നേടണമെങ്കില്‍ അത്ഭുതം സംഭവിക്കണമെന്ന സ്ഥിതി വിശേഷമായിരുന്ന കെ.കെ.ആറിന്. എന്നാല്‍ ഏവരേയും ഞെട്ടിച്ചുക്കൊണ്ട് റിങ്കു സിംഗ് (21 പന്തില്‍ 48) കത്തിക്കയറിയപ്പോള്‍ അസംഭവീയമായത് സംഭവിച്ചു. കൊല്‍ക്കത്തക്ക് മൂന്ന് വിക്കറ്റ് വിജയം. അവസാന ഓവര്‍ എറിയാനെത്തിയ യഷ് ദയാലിന്റെ ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിള്‍ നേടി റിങ്കു സിംഗിന് സ്‌ട്രൈക്ക് കൈമാറി. യഷ് ദയാലിന്റെ അടുത്ത് മൂന്ന് ഫുള്‍ടോസുകളും റിങ്കു അനായസം അതിര്‍ത്തി കടത്തി.

അതിസമ്മര്‍ദത്തിലായ യഷ്ദയാലിന് പിന്നീട് മത്സരത്തിലേത്ത് തിരിച്ചുവരാനായില്ല. അടുത്ത രണ്ട് പന്തുകളും റിങ്കു സിക്‌സിന് പറത്തി കൊല്‍ക്കത്തക്ക് മിന്നും വിജയം സമ്മാനിച്ചു. ആദ്യ 16 പന്തില്‍ 18 റണ്‍സ് മാത്രം നേടിയ റിങ്കു അവസാന അഞ്ച് പന്തില്‍ 30 റണ്‍സ് നേടിയാണ് കളിയുടെ ഗതി തിരിച്ചുവിട്ടത്. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ റാഷിദ്ഖാനാണ് ഗുജറാത്തിനെ നയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്ത് വിജയ് ശങ്കര്‍ (24 പന്തില്‍ 63), സായ് സുദര്‍ശന്‍ (38 പന്തില്‍ 53) എന്നിവരുടെ ബലത്തിലാണ് നാലിന് 205 റണ്‍സ് എന്ന നിലയിലെത്തിയത്. കൊല്‍ക്കത്തക്ക് വേണ്ടി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ 40 പന്തില്‍ 83 റണ്‍സ് അടിച്ചെടുത്ത വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കത്ത ഇന്നിങ്‌സിന് അടിത്തറ പാകിയത്. 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിതീഷ് റാണയുമൊത്ത് മികച്ച കൂട്ടുക്കെട്ടാണ് അയ്യര്‍ ഉണ്ടാക്കിയത്. ഇരുവരേയും മടക്കി അല്‍സാരി ജോസഫ് ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കി. സ്‌കോര്‍ 155ല്‍ നില്‍ക്കെ ആന്ദ്രേ റസ്സല്‍(1), സുനില്‍ നരെയ്ന്‍(0), ഷാര്‍ദൂല്‍ ഠാക്കൂര്‍(0) എന്നിവരെ റാഷിദ് ഖാന്‍ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഹാട്രിക് തികച്ചു. റിങ്കുസിംഗാണ് കളിയിലെ താരം.

മറ്റൊരു മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എട്ട് വിക്കറ്റ് വിജയം. രണ്ട് തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ഹോംഗ്രൗണ്ടില്‍ വീണ്ടുമിറങ്ങിയ ഹൈദരാബാദ് ഇത്തവണ കാണികളെ നിരാശരാക്കിയില്ല. കൃത്യമായ ബൗളിങ്ങിലൂടെ ശിഖര്‍ ധവാന്‍ ഒഴികെയുള്ള പഞ്ചാബ് ബാറ്റ്‌സ്മാന്‍മാരെ അവര്‍ക്ക് പിടിച്ചുകൊട്ടാന്‍ സാധിച്ചു. 20 ഓവറില്‍ 143 റണ്‍സ് നേടാന്‍ മാത്രമേ പഞ്ചായബിന് കഴിഞ്ഞുള്ളൂ. 66 പന്തില്‍ 99 റണ്‍സുമായി ശിഖര്‍ ധവാന്‍ പുറത്താകതെ നിന്നു. എസ്.ആര്‍.എച്ചിന് വേണ്ടി മായങ്ക് മാര്‍ക്കണ്ടേ നാലും മാര്‍ക്കോ ജാന്‍സനും ഉമ്രാന്‍ മാലിക്കും രണ്ട് വീക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ 17.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എസ്.ആര്‍.എച്ച് ലക്ഷ്യം കണ്ടം. 48 പന്തില്‍ 74 റണ്‍സുമായി രാഹുല്‍ ത്രിപാഠിയു 21 പന്തില്‍ 37 റണ്‍സുമായി എയ്ഡന്‍ മര്‍ക്രമും പുറത്താകതെ നിന്നു. ശിഖര്‍ ധവാനാണ് കളിയിലെ താരം.

Share

Leave a Reply

Your email address will not be published. Required fields are marked *