പ്രദീപ് ഹൂഡിനോയുടെ മാജിക്കിന് നാല് പതിറ്റാണ്ടിന്റെ മധുരം

പ്രദീപ് ഹൂഡിനോയുടെ മാജിക്കിന് നാല് പതിറ്റാണ്ടിന്റെ മധുരം

കോഴിക്കോട്: പ്രദീപ് ഹൂഡിനോ മാജിക് രംഗത്ത് നാല് പതിറ്റാണ്ട് പിന്നിട്ടതിന്റെ ഭാഗമായി മാജിക് വേള്‍ഡും ബേപ്പൂര്‍ ഹെറിട്ടേജ് ഫോറവും മാജിക് തല്‍പ്പരരും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് 2023-24 മാജിക് ജൂബിലി വര്‍ഷമായി ആഘോഷിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാജിക്കും അനുബന്ധ കലകളും കൂടുതലായി അറിയുന്നതിനും അവയെ സമന്വയിപ്പിക്കുന്നതിനും കുട്ടികള്‍ക്കായുള്ള ശില്‍പശാലയാണ് പ്രഥമ പരിപാടി. ചിത്രകല, ഫോട്ടോഗ്രഫി ആന്റ് വീഡിയോഗ്രഫി, മ്യൂസിക്, ഡാന്‍സ് ആന്റ് ഡ്രാമ, ചെസ്‌ ആന്റ് അബാക്കസ് എന്നീ മൂന്നു സ്ട്രീമുകളിലാണ് ആദ്യ ശില്‍പശാലകള്‍, തുടര്‍ന്ന് മാജിക് ശില്‍പശാലയും ഫ്യൂഷനും നടക്കും.

10ന് ശില്‍പ്പശാല ആരംഭിക്കും. 11, 12, 13 തിയ്യതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് മണി വരെ പ്രോഗ്രാം തുടര്‍ന്ന് 18,19 തിയതികളില്‍ മാജിക് ശില്‍പശാലയും നടക്കും. മുഖ്യമായും കുട്ടികളെയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിലും തല്‍പരരായ മുതിര്‍ന്നവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. ഗാനഭൂഷണം ശിവന്‍ മാസ്റ്റര്‍, ചിത്രകലാ അധ്യാപകന്‍ രാജേഷ് കര്‍ണിക, ഫിഡെ ആര്‍ബിറ്ററും ഓള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷന്‍ ബെയ്‌ലിക് ട്രെയ്‌നറുമായ ചെസ് അസോസിയേഷന്‍ ഡിസ്ട്രിക്ട് സെക്രട്ടറി കെ.ഷാജി എന്നിവര്‍ മാന്ത്രികന്‍ പ്രദീപ് ഹൂഡിനോയ്‌ക്കൊപ്പം ശില്‍പ്പശാല കോ-ഓര്‍ഡിനേറ്റ് ചെയ്യും.

പ്രശസ്ത സിനി ആര്‍ട്ട് ഡയരക്റ്റര്‍ മുരളി ബേപ്പൂര്‍, ഗിന്നസ് വത്സരാജ്, ആര്‍ട്ടിസ്റ്റ് കെ.എം. എടവണ്ണ, കമറുദ്ദീന്‍ പാണമ്പ്ര, ജയരാജ് പി.പി, ടി.എന്‍ രഘുനാഥ്, യൂ.ടി സുരേഷ് തുടങ്ങിയവര്‍ കുട്ടികളുമായി സംവദിക്കും. പി.എന്‍ പ്രേമരാജന്‍, ജയചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിക്കും. 100 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജ് അടച്ച് 10ന് എല്ലാവര്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാം. തുടര്‍ന്ന് പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് 650 രൂപയും മുതിര്‍ന്നവര്‍ക്ക് 900 രൂപയുമാണ് ഫീസ്. (എല്ലാ ദിവസവും ചായയും ഉച്ചഭക്ഷണവും വേണ്ടവര്‍ 250 രൂപ കൂടി നല്‍കേണ്ടതാണ്). എട്ട് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അമ്പതുപേര്‍ക്കാണ് പ്രവേശനം. മാന്ത്രികന്റെ ജന്മദേശമായ ബേപ്പൂര്‍-നടുവട്ടം മഹി ബസ് സ്റ്റോപ്പിന് പിന്‍വശം പഴയഞ്ചേരി ഗോവിന്ദന്‍ സ്മാരക ഭൂമികയിലാണ് ശില്‍പശാല നടക്കുക. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി സജീവന്‍ ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍ കെ. രാജീവ് ജനറല്‍ കണ്‍വീനര്‍മാരുമായുള്ള സ്വാഗതസംഘമാണ് ശില്‍പശാലക്ക് വേദിയൊരുക്കുക.

മാജിക് ഉത്സവം, പ്രൊഫഷണല്‍ ആന്റ് ഹോബി മാജിക് ക്ലാസുകള്‍ (ഓണ്‍ലൈനിലും ഓഫ് ലൈനിലും), മാജിക് മെഗാഷോ, വെറൈറ്റി തീം മാജിക് ഷോസ് ആന്റ് ഫ്യുഷന്‍ ഷോസ്, ചാരിറ്റി ഫണ്ട് റൈസിങ് ഷോ, വിവിധ സെമിനാറുകള്‍, മാന്ത്രിക സംഗമം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ മാജിക് ജൂബിലിയുടെ ഭാഗമായി അരങ്ങേറും. പൊതു പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിന് മുന്‍ മന്ത്രി ടി.പി.രാമകൃഷണന്‍ ചെയര്‍മാനും ജില്ലയിലെ മന്ത്രിമാരും എം.പിമാരും മേയറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എം.എല്‍.എ മാരുമുള്‍പ്പെടെ രക്ഷാധികാരികളും ബാബു പറശ്ശേരി പ്രസിഡന്റും കെ.വി. ശിവദാസന്‍, അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍ എന്നിവര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. വാര്‍ത്താമ്മേളനത്തില്‍ പ്രദീപ് ഹൂഡിനോ, രാജേഷ് കര്‍ണിക, കെ.ഷാജി, പി.എന്‍ പ്രേമരാജന്‍, ജയചന്ദ്രന്‍ മാസ്റ്റര്‍, വി.ഹരിദാസന്‍ നമ്പ്യാര്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *