കോഴിക്കോട്: നിര്‍മാണ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇരുട്ടടിയാണ് പെര്‍മിറ്റ്, അപേക്ഷാ ഫീസ് എന്നിവയുടെ ക്രമാതീതമായ വര്‍ധനവ്. കെട്ടിട നികുതി, ലേബര്‍, റവന്യൂ ടാക്‌സ്, കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവ് എന്നിവയെല്ലാം ഈ മേഖലയില്‍ പ്രതിസന്ധി തീര്‍ക്കുകയാണ്. ഇതുമൂലം നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാണ്. നിര്‍മാണ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നവര്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പി.കെ, ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാര്‍.എം, ജില്ലാ സെക്രട്ടറി ശസിധരന്‍ വി.പി, ജില്ലാ ട്രഷറര്‍ റഷീദ് എന്‍.കെ, ജില്ലാ വൈസ് പ്രസിഡന്റ് അബ്ബാസ് താമരശ്ശേരി, ജില്ലാ ജോയിന്റ് സെക്രട്ടറി സജീവ് പി.കെ എന്നിവര്‍ സംബന്ധിച്ചു.