ഗുവാഹത്തി: മുഗള്‍ ഭരണകാലത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ എന്‍. സി. ഇ. ആര്. ടി ഒഴിവാക്കിയ നടപടിക്കു പിന്നാലെ മുഗള്‍ ശേഷിപ്പുകള്‍ തകര്‍ക്കണമെന്ന വിവാദ പരാമര്‍ശവുമായി അസമിലെ ബി. ജെ. പി എം. എല്‍. എ. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് ഭാര്യ മുംതാസിനെ യഥാര്‍ഥത്തില്‍ പ്രണയിച്ചിരുന്നോ എന്ന് അന്വേഷിക്കണമെന്നും മുഗള്‍ ശേഷിപ്പുകളായ താജ്മഹലും കുത്തബ് മിനാറും പൊളിച്ചുനീക്കണമെന്നുമാണ് എം. എല്‍. എ രൂപ്ജ്യോതി പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മുംതാസ് മരിച്ച ശേഷം ഷാജഹാന് മൂന്ന് വിവാഹങ്ങള്‍ ചെയ്തിരുന്നു. മുംതാസിനോട് കൂടുതല്‍ സ്നേഹമുണ്ടായിരുന്നെങ്കില്‍ എന്തിനാണ് ഷാജഹാന് വീണ്ടും മൂന്ന് വിവാഹങ്ങള്‍ ചെയ്തതെന്നാണ് ബിജെപി എം. എല്‍. എ യുടെ ചോദ്യം.
”ഷാജഹാന് ഹിന്ദു രാജകുടുംബങ്ങളുടെ സ്വത്ത് ഉപയോഗിച്ചാണ് താജ്മഹല്‍ നിര്‍മിച്ചത്. നാലാം ഭാര്യയ്ക്ക് വേണ്ടിയാണ് അദ്ദേഹം താജ്മഹല്‍ നിര്‍മിച്ചത്. ഷാജഹാന് ഏഴ് വിവാഹങ്ങള്‍ ചെയ്തു. മുംതാസ് നാലാം ഭാര്യയാണ്. മുംതാസിന്റെ മരണശേഷം വീണ്ടും മൂന്ന് വിവാഹം ചെയ്തു. മുംതാസിനെ ഷാജഹാന് അത്രയ്ക്ക് സ്നേഹിച്ചിരുന്നെങ്കില്‍ എന്തിനാണ് വീണ്ടും മൂന്ന് വിവാഹങ്ങള്‍ ചെയ്തത്.” താജ്മഹല്‍, കുത്തബ്മിനാര്‍ എന്നിവ പൊളിക്കണമെന്നും എം. എല്‍. എ ആവശ്യപ്പെട്ടു. ”താജ്മഹലും കുത്തബ്മിനാറും ഉടന്‍ പൊളിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ശേഷം അവയുടെ സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ നിര്‍മിക്കണം. മറ്റ് സ്മാരകങ്ങള്‍ക്കൊന്നും അടുക്കാന്‍ കഴിയാത്തത്ര മികവുള്ള വാസ്തുവിദ്യയായിരിക്കണം രണ്ട് ക്ഷേത്രങ്ങള്‍ക്കും ഉണ്ടാകേണ്ടത്. ഇതിനായി എന്റെ ഒരു വര്‍ഷത്തെ ശമ്പളം നല്കാന് തയ്യാറാണ്. ”-എം. എല്‍. എ പറഞ്ഞു.
മുഗള്‍ ഭരണകാലത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കി സിലബസ് പരിഷ്കരണത്തില്‍ രൂക്ഷവിമര്‍ശനങ്ങളാണ് എന്‍. സി. ഇ. ആര്. ടി നേരിട്ടത്. ഇതിന് പിന്നാലെയാണ് എം. എല്‍. എയുടെ പരാമര്‍ശങ്ങള്‍. ആര്. എസ്. എസ് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ സംഭവങ്ങളും ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് എന്‍. സി. ഇ. ആര്. ടി ഒഴിവാക്കിയിരുന്നു.